
ന്യൂഡല്‍ഹി: ആവേശം അവസാന ഓവറോളം നീണ്ട ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്കു ജയവും പ്ലേ ഓഫ് യോഗ്യതയും. 16 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി പാര്‍ഥിവ് പട്ടേല്‍ – വിരാട് കോഹ്‌ലി സഖ്യം ബാംഗ്ലൂരിനു മികച്ച തുടക്കം സമ്മാനിച്ചെങ്കിലും നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ അവര്‍ക്കു കഴിഞ്ഞുള്ളൂ. 20 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അമിത് മിശ്ര, നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദ എന്നിവരാണ് ഡല്‍ഹിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ച ഡല്‍ഹിക്ക് 12 മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റായി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും പ്ലേ ഓഫ് യോഗ്യതയും സ്വന്തം. 12 മല്‍സരങ്ങളില്‍നിന്ന് ഇത്രതന്നെ പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. അതേസമയം, തുടര്‍ച്ചയായ മൂന്നു വിജയങ്ങളുമായി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാട്ടിയ ബാംഗ്ലൂര്‍, ഈ തോല്‍വിയോടെ ഏറെക്കുറെ പുറത്തായി.
Your comment?