ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ പോലീസ് പിടിച്ചെടുത്തു
അടൂര്‍ : അടൂര്‍-നെല്ലിമൂട്ടില്‍പടി ജംഗ്ഷന് സമീപമുള്ള ജനവാസമേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ അടൂര്‍ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോട് കൂടി ഒരു ടാങ്കര്‍ ടി പ്രദേശത്തേക്ക് അമിത വേഗതയില്‍ വന്നുപോയതായി നാട്ടുകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് സമീപത്ത് വലിയതോതില്‍ ദുര്‍ഗന്ധം ഉണ്ടായതിനെതുടര്‍ന്നുള്ള അന്വേഷണത്തില്‍ തോട്ടിലേക്ക് മാലിന്യം തള്ളിയതായി കണ്ടെത്തുകയായിരുന്നു. അടൂര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
അടൂര്‍ ടൗണിലെയും, പരിസര പ്രദേശങ്ങളിലെയും നിരവധി സി.സി.റ്റി.വി ക്യാമറകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്ന് കൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആദിക്കാട്ടുകുളങ്ങരയില്‍ നിന്നും പോലീസ് ടാങ്കര്‍ കസ്റ്റഡിയിലെടുത്തു. പഴകുളം, ചരിവുപറമ്പില്‍, ബദറുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് പോലീസ് അറിയിച്ചു. മുന്‍പ് അടൂരിലും, പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവിധ റെസിഡന്‍സ് അസോസ്സിയേഷനുകളുമായി ചേര്‍ന്ന് പോലീസ് രാത്രികാല പരിശോധനയും നടത്തിയിരുന്നു. ടാങ്കറില്‍ മാലിന്യം തള്ളിയ വിഷയം സംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും, മോട്ടോര്‍ വാഹനവകുപ്പിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് കത്ത് നല്‍കുമെന്ന് അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ്.റ്റി.ഡി അറിയിച്ചു.
നിരവധി തോടുകളും, കനാലുകളും ഉള്ള അടൂരിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ക്യാമറകളുടെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും , റെസിഡന്‍സ് അസോസിയേഷനുകളുടെയും, ജനമൈത്രി സമിതിയുടെയും, വ്യാപാരി വ്യവസായികളുടെയും സഹകരണത്തോടെ കൂടുതല്‍ ക്യാമറകള്‍ അടൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഏതാനം മാസം മുന്‍പ് പുതുവല്‍-മാരൂര്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം തള്ളിയ രണ്ടു വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മനീഷ്.എം , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്.ആര്‍.കുറുപ്പ്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്.
Your comment?