മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക: റെജി നെല്ലിമുകളിന് ഇനി ആശ്വാസത്തിന്റെ നാളുകള്‍
അടൂര്‍: മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക എടുത്തു കാണിക്കുന്ന വലിയൊരു കാര്യമാണ് ഇന്ന് രാവിലെ ഒന്‍പതിന് നടക്കുന്ന ഒരു താക്കോല്‍ ദാനത്തോടെ നെല്ലിമുകള്‍ മുണ്ടയത്തില്‍ വീട്ടില്‍ പൂര്‍ത്തിയാകുന്നത്. ഒപ്പം നെല്ലിമുകള്‍ അലന്‍ വില്ലയില്‍ റെജി ചാക്കോ എന്ന റെജി നെല്ലിമുകളിന് ഇനി ആശ്വാസത്തിന്റെ നാളുകളും. ഒരിക്കലും നടക്കില്ലെന്ന് കരുതിയ അടച്ചുറപ്പുള്ള വീടിന്റെ അകത്തളങ്ങളിലേക്ക് കെ.വിജയനും കുടുംബവും ഗൃഹപ്രവേശനം ചെയ്യുമ്പോള്‍ നന്ദി പറയുന്നത് റെജിയോടാണ്.
ഏതു നിമിഷവും താഴെ വീഴാവുന്ന തരതിലുള്ള കഴിക്കോലുകള്‍ ഒഴിഞ്ഞ ഓടിട്ട വീട്ടിലായിരുന്നു വിജയനും ഭാര്യ സുധയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
മഴ പെയ്താല്‍ വലിയ ചോര്‍ച്ച അനുഭവപ്പെടുന്ന വീടായതിനാല്‍ ഓടിനു മുകളില്‍ ടാര്‍പ്പോളില്‍ വിരിച്ച അവസ്ഥയിലായിരുന്നു. കിഡ്‌നി രോഗിയും ഹൃദയ സംബന്ധമായ രോഗത്താലും വര്‍ഷങ്ങളായി ചികിത്സയിലാണ് വിജയന്‍. അടൂരിലെ ഒരു ഫാന്‍സി കടയില്‍ ജോലിക്കു പോകുന്നുവെങ്കിലും വരുമാനത്തിന്റെ ഭൂരിഭാഗവും മരുന്നിന് ചെലവാകും. ഇതിനാല്‍ വീടിന്റെ അറ്റകുറ്റപണികള്‍ പോലും നടത്താന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥ മനസിലാക്കിയാണ് അയല്‍വായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനുമായറെജി സഹായഹസ്തവുമായി എത്തിയത്.
റെജി വിജയനോട് വീട് വച്ചു നല്‍കാമെന്ന ആശയം പങ്കുവച്ചുവെങ്കിലും ആദ്യം ഇത് വിശ്വസിക്കാന്‍ സാധിക്കുന്ന കാര്യമായിരുന്നില്ല വിജയന്. കാരണം ഒരാള്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരാള്‍ക്ക് വീടുവച്ചു നല്‍കുമോ?. എന്നാല്‍ ഈ ചോദ്യത്തിനും സംശയത്തിനുമൊക്കെ ഉത്തരം നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീട് വച്ചുനല്‍കുന്ന പ്രവര്‍ത്തനം റെജി ആരംഭിച്ചു. വീടിന്റെ ഒരു രൂപരേഖ തയ്യാറാക്കി വിടുപണിയാനുള്ള സാധന സാമഗ്രഹികള്‍ വീട്ടുമുറ്റത്ത് എത്തിയതോടെ വിജയന് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി. അടിത്തറ കെട്ടി ഭിത്തികള്‍ കെട്ടികയറി തുടങ്ങി.
ഷീറ്റിടും എന്ന് വിചാരിച്ചിടത്തു നിന്നും വാര്‍പ്പു വരെ വന്നു. അടുക്കളയില്‍ നല്ല ഭംഗിയുള്ള കബോഡുകള്‍ വച്ചു. വീടിന് നല്ല ചന്തമുള്ള വര്‍ണ്ണ കളറുകള്‍ നല്‍കി മനോഹരമാക്കി. തനിക്ക് കയറിക്കിടക്കാന്‍ നല്ല ഭംഗയിയുള്ള വീട് മുറ്റത്ത് ഉയര്‍ന്നു എന്നത് ഒരു സ്വപ്നമല്ലെന്ന് അങ്ങനെ വിജയന് ബോധ്യമായി. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ മനുഷ്യസ്‌നേഹിയുടെ കേവലം ദയയും സഹായവും മാത്രം ലഭ്യമാക്കി ജീവകാരുണ്യവഴിയില്‍ സമൂഹത്തിനു ഒരു നല്ല മാതൃക തീര്‍ത്തിരിക്കുകയാണ് റെജി.ഒപ്പം എല്ലാ പിന്തുണയും നല്‍കി റെജിയുടെ ഭാര്യ ഭാര്യ ആശയും ഒപ്പം നിന്നു
Your comment?