അടൂര്‍ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സനും രാജിവച്ചു: അടുത്തതാര്?
അടൂര്‍: അടൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഡി.സജിയും,വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ദിവ്യാ റെജി മുഹമ്മദും രാജിവച്ചു. രണ്ടു വര്‍ഷവും ഒരു മാസവും നീണ്ടു നിന്ന ഇവരുടെ ഭരണം എല്‍.ഡി.എഫിലെ മുന്‍ ധാരണ പ്രകാരമാണ് രാജിവച്ചത്. ഡി.സജി സി.പി.ഐയുടെ പ്രതിനിധിയും ദിവ്യാ റെജി മുഹമ്മദ് സി.പി.എമ്മിന്റെ പ്രതിനിധിയുമായിരുന്നു. രണ്ടു വര്‍ഷത്തെ ഭരണത്തില്‍ ഒരുപാടു മാറ്റങ്ങളും വികസനങ്ങളും അടൂര്‍ നഗരസഭയില്‍ കൊണ്ടു വരാന്‍ സാധിച്ചതായി സജി പറഞ്ഞു. അടൂര്‍ നഗരസഭ കെട്ടിടത്തിന്റേയും ബസ് ടെര്‍മിനലിന്റേയും നിര്‍മ്മാണം ആരംഭിച്ചത് വലിയ നേട്ടമായി കരുതുന്നു.
അടൂര്‍ ശ്രീ മൂലം ചന്ത നവീകരണം, പറക്കോട് അനന്തരാമപുരം ചന്ത നവീകരണം,അധുനിക ശ്മശാനം, പറക്കോട് വെറ്റിനറി പോളിക്ലിനിക്,അടൂര്‍ ആശുപത്രി കോംപ്ലക്‌സ്,അമ്മയും കുഞ്ഞും പരിചരണ വിഭാഗം,അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി അടൂര്‍ പാര്‍ത്ഥസാരഥി കുളം നവീകരണം, അടൂര്‍ ഗാന്ധി സ്മൃതി മൈതാനം എന്നിവ എം.എല്‍.എ. ഫണ്ടുകൂടി ഉപയോഗിച്ച് തുടങ്ങാന്‍ രണ്ടുവര്‍ഷ കാലയളവില്‍ സാധിച്ചു.
കൂടാതെ പഴയ ടൗണ്‍ ഹാള്‍ നിന്ന സ്ഥലത്ത് പുതിയ ടൗണ്‍ ഹാളും മിനി തീയറ്ററും പണിയുന്നതിന് ഡി.പി.ആര്‍. തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഡി.സജി വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ കുടുംബശ്രീയെ ജില്ലയിലെ അറിയപ്പെടുന്ന കുടുംബശ്രീകളില്‍ ഒന്നാക്കാന്‍ സാധിച്ചതായി ദിവ്യാ റെജി മുഹമ്മദും വ്യക്തമാക്കി. 2020 ഡിസംബര്‍ 28-നാണ് സി.പി.ഐയിലെ ഡി.സജിയുടെ നേതൃത്വത്തില്‍ അടൂര്‍ നഗരസഭ ഭരണത്തില്‍ എത്തുന്നത്
അടുത്തതാര്
അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര് എന്നുള്ള ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് സി.പി.എം. പറയുമ്പോഴും അണിയറയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പല പേരുകളും ചര്‍ച്ചയില്‍ സജീവമായിട്ടുണ്ടെങ്കിലും ഒരു ഉറപ്പും ഇതുവരെ നേതൃത്വം ആര്‍ക്കും നല്‍കിയിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ മുതിര്‍ന്ന നേതാക്കന്‍മാരെ കാണുന്ന തിരക്കിലാണ്. സി.പി.എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റതോടെയാണ് സജി ആദ്യഘട്ടത്തില്‍ ചെയര്‍മാനായി എത്തിയത് പോലും. ഇത് അപ്രതീക്ഷിതമായ നീക്കമായിരുന്നു. സാധാരണ സി.പി.എമ്മിന് ഭരിക്കാനുള്ള സാധ്യതയുള്ളപ്പോള്‍ സി.പി.ഐ. പ്രതിനിധിയെ ചെയര്‍മാനാക്കിയത് അന്ന് ഏവരേയും അമ്പരിപ്പിച്ചിരുന്നു.
സി.പി.എമ്മിലെ ചെയര്‍മാന്‍ ആകാനുള്ളവരുടെ തിരക്കിനെ തുടര്‍ന്നാണ് നേതൃത്വം ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. എന്തായാലും വരും ദിവസങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നേതൃത്വത്തില്‍ സജീവമാകുമെന്നാണ് സൂചന. അടുത്ത ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നാല്‍ ഉടന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എം.ആലോചിക്കുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ചര്‍ച്ച സി.പി.ഐയില്‍ വരും ദിവസങ്ങളില്‍ നടക്കും
Your comment?