കടമ്പനാട് ലക്ഷംവീട് പട്ടികജാതി കോളനിക്ക് സമീപത്തെ മലയിടിക്കാന്‍ നീക്കം: പാവപ്പെട്ട കോളനിക്കാര്‍ക്കും മോതിരച്ചുള്ളിമലയിലെ വാട്ടര്‍ ടാങ്കിനും ഭീഷണി
കടമ്പനാട്: ലക്ഷംവീട് പട്ടികജാതി കോളനിക്കും സമീപത്തെ മലയിലെ 13.48 ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണിക്കും വലിയ ദോഷം വരുന്ന രീതിയില്‍ ഒരു വന്മല ഇടിച്ചു നിരത്താനുള്ള നീക്കം പുരോഗമിക്കുന്നു. കൊല്ലം ജില്ലയിലെ ദേശീയ പാതാ നിര്‍മാണത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് മല ഇടിക്കാനുളള അനുവാദം നല്‍കാന്‍ പോകുന്നത്.
ജില്ലാ കലക്ടര്‍ അടക്കം ഈ മണ്ണെടുപ്പില്‍ പ്രതിക്കൂട്ടിലാണ്. കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പട്ടികജാതി കോളനിക്ക് സമീപമുള്ളബ്ലോക്ക് നമ്പര്‍ 13 ല്‍ റീസര്‍വേ നമ്പര്‍ 54/1 ല്‍ മൂന്നേക്കര്‍ വരുന്ന മലയാണ് ഇടിച്ചു നിരത്താന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. കോളനി നിവാസികളുടെ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സമരപ്രഹസനത്തിനും നീക്കം നടക്കുന്നു.
മണ്ണെടുപ്പിന് ആവശ്യമായ അനുമതി തേടി ഉടമയല്ല ഓഫീസുകള്‍ കയറി ഇറങ്ങുന്നത് എന്നതാണ് ഏറെ രസകരം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള മണ്ണുമാഫിയയാണ് ഇതിനായി ഓടി നടക്കുന്നത്. മൂന്നു മാസം മുന്‍പ് കടമ്പനാട് വില്ലേജില്‍ സ്‌കെച്ചും പ്ലാനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനുമായി ഇവര്‍ അപേക്ഷ നല്‍കിയിരുന്നു.
പരിശോധനകള്‍ക്ക് ശേഷം ഇതെല്ലാം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വൈകിയതിന്റെ പേരില്‍ ജില്ലാ കലക്ടറെക്കൊണ്ട് വിളിപ്പിക്കണോ എന്ന് മണ്ണ് മാഫിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. യാതൊരു പാരിസ്ഥിതിക പഠനവുമില്ലാതെയാണ് ഈ മല ഇടിച്ചു നിരത്താന്‍ അനുമതി നല്‍കാന്‍ പോകുന്നത്.
തൊട്ടടുത്ത പട്ടികജാതി കോളനിയുടെ സന്തുലിതാവസ്ഥ ആകെ തകിടം മറിയും. ഇവിടെ കുടിവെളളക്ഷാമം നേരിടും. തൊട്ടടുത്തുള്ള മോതിരച്ചുള്ളി മലയിലാണ് 13.48 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കടമ്പനാട് ശുദ്ധജലവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത്. നിലവില്‍ രണ്ടേക്കറില്‍ നിന്നുള്ള മണ്ണ് ഖനനം ടാങ്കിന്റെ തകര്‍ച്ചയ്ക്ക് വരെ ഇടയാക്കും. സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ഖനനത്തിന് ഉള്ള നീക്കം തുടങ്ങിയത്. എന്നാല്‍ കോളനിവാസികളില്‍ നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് വന്നതോടെ അടവൊന്നു മാറ്റിയിട്ടുണ്ട്. രണ്ടാം വാര്‍ഡിലെ മുന്‍ മെമ്പറും സിപിഎം നേതാവുമായ സതിയമ്മയുടെ നേതൃത്വത്തില്‍ മണ്ണെടുപ്പിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, ഇത് വെറും വിലപേശല്‍ നാടകമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമരം നടത്തി പാര്‍ട്ടി ഫണ്ടിലേക്ക് വലിയ തുക നേടാനുള്ള നീക്കമാണെന്നാണ് ആരോപണം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏത് അനുമതിക്കും തയാറായി നില്‍ക്കുകയാണെന്നാണ് വിവരം. വില്ലേജിലും പഞ്ചായത്തിലും നിന്നുള്ള അനുമതി കിട്ടുന്നതോടെ മൈനിങ് ആന്‍ഡ് ജിയോളജി എന്‍ഓസിയും പാസും നല്‍കും. ഇതോടെ ഖനനവും ആരംഭിക്കും.
Your comment?