പത്തനംതിട്ട: ലോക്ഡൗണ്‍ നിയമം ലംഘിച്ചതിന് രാജ്യത്ത് ആദ്യമായി അറസ്റ്റിലാകുന്ന എംപി എന്ന നേട്ടം ആന്റോ ആന്റണി സ്വന്തമാക്കി. വിദേശത്ത് കോവിഡ് മൂലമല്ലാതെ മരിക്കുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധത്തിലാണ് എംപിയടക്കം പത്തോളം നേതാക്കള്‍ അറസ്റ്റിലായത്. പ്രകടനം നടത്തിയതിന് അല്ല അറസ്റ്റ്. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ നിയമം ലംഘിച്ചതിനാണ്. ആന്റോ ആന്റണിക്ക് പുറമേ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നിവരടക്കം പത്തോളം പേരാണ് അറസ്റ്റിലായത്. നിയമം ലംഘിച്ച് പ്രകടനം നടത്തിയ ഇവര്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തു. 10 പ്രകടനക്കാര്‍ക്കൊപ്പം സാമൂഹിക അകലം പാലിക്കാതെ പൊലീസുകാരും പിന്നാലെ കൂടി.
ലോക്ഡൗണ്‍ നിയമങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ഓറഞ്ച് ബി സോണ്‍ ആയ പത്തനംതിട്ടയില്‍ നിലവില്‍ വന്ന ദിവസം കൂടിയായിരുന്നു ഇന്ന്.കലക്ടറേറ്റിന് മുന്നില്‍ നിന്ന ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിയതിന് പിന്നാലെ പൊലീസുകാര്‍ ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോക്ഡൗണ്‍ ലംഘിച്ചതിനും നിരോധനാജ്ഞ മറികടന്ന് കൂട്ടം ചേര്‍ന്നതിനുമാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട ജനപ്രതിനിധകളാണ് ഇത്തരമൊരു തെറ്റായ മാതൃക ചൂണ്ടിക്കാട്ടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നേതാക്കളെ ജാമ്യത്തില്‍ വിട്ടു.
.
Your comment?