പത്തനംതിട്ട: നാളെ എന്താകും ജില്ലയില്‍ സംഭവിക്കാന്‍ പോവുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവ് നാളെ മുതല്‍ ജില്ലയില്‍ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നേരത്തേ പറഞ്ഞ ഇളവുകള്‍ ഈ സാഹചര്യത്തില്‍ ലഭിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതേക്കുറിച്ച് അന്തിമമായി പറയാന്‍ ജില്ലാ കലക്ടര്‍ക്കും കഴിയുന്നില്ല. ലോക്ഡൗണിന് ഇന്ന് രാത്രി 12 വരെ പ്രാബല്യമുണ്ടാകുമെന്ന് മാത്രമാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. ഏറ്റവും പുതിയ വിവരങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷം ഇളവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇന്ന് ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ഇന്നലെയും ജില്ലയ്ക്ക് പുതിയ കോവിഡ് പോസിറ്റീവ് കേസില്ല. എന്നാല്‍, നിയമ ലംഘനത്തിന് ഒട്ടും കുറവില്ല താനും. ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ ചാരായം വാറ്റിനെതിരെയുള്ള പരിശോധനകളും ശക്തമാക്കിയതിനെ തുടര്‍ന്ന് രണ്ടു കേസുകളിലായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐ.എച്ച്.ഡി.പി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന അജയ നിവാസ് വീട്ടില്‍ വിനോദിനെ (41)ഒന്നര ലിറ്റര്‍ ചാരായവുമായി പിടികൂടി. വീട്ടില്‍ നിന്നും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെരുനാട് പോലീസ് നടത്തിയ റെയ്ഡില്‍ പേഴുംപാറ രമാഭായി കോളനിയിലെ ഒരു വീട്ടില്‍ നിന്നും അഞ്ചു ലിറ്റര്‍ കോടയും രണ്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വിനോദ് (37) എന്നയാളെ അറസ്റ്റ് ചെയ്തു. എസ്.ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ്.സി.പി.ഓമാരായ അനില്‍കുമാര്‍, സോജു എന്നിവരുമുണ്ടായിരുന്നു. പണംവച്ചു ചീട്ടുകളിച്ചതിന് ഏനാത്ത് പോലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. മദ്യവില്പനയും വാറ്റും തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ അടയ്ക്കുകയും അനാവശ്യ യാത്രകള്‍ തടയുകയും ചെയ്യും.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗം വീണ്ടും വ്യാപിക്കാനിടയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട്, നിയന്ത്രണലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരും. ബുധനാഴ്ച വൈകിട്ട് മുതല്‍ ഇന്നലെ വരെ 312 കേസുകളിലായി 325 പേരെ അറസ്റ്റ് ചെയ്തു. 258 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയില്‍ ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ആറു പേര്‍ രോഗബാധിതരാണ്.
ഇന്നലെ പുതിയതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 709 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ പരിശോധനയ്ക്കായി 45 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. നാളെ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും.
Your comment?