ഏറു കൊണ്ടു വീണ കുട്ടി മരിച്ചുവെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് എന്തിന്? കോടാലി കരുതിയതും ആസൂത്രണത്തിന് തെളിവ്; റോളര്‍ സ്‌കേറ്റിങ് ഷൂവിലെ ഗൂഢാലോചനാ വാദവും അംഗീകരിക്കാതെ പൊലീസ്; കൊലപാതകത്തിന്റെ യഥാര്‍ഥ പിന്നാമ്പുറ കഥ തേടി തിരുവനന്തപുരം റേഞ്ച് ഡിഐജി നേരിട്ടെത്തി
പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് നാടുനടുക്കിയ കൊടുമണ്‍ കൊലപാതകം സംബന്ധിച്ച അന്വേഷണം പൊലീസ് ഗൗരവമായി എടുക്കുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷണത്തിന് നേരിട്ടെത്തി. രാവിലെ ഒമ്പതു മണിയോടെ പത്തനംതിട്ടയില്‍ എത്തിയ അദ്ദേഹം ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍, ഡിവൈഎസ്പിമാരായ ആര്‍ ജോസ്, ജവഹര്‍ ജനാര്‍ഡ്, കൊടുമണ്‍ എസ്എച്ച്ഒ ശ്രീകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
പൊലീസ് ഈ കൊലപാതകം ഏറെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഏറു കൊണ്ടു വീണ കുട്ടിയുടെ കഴുത്ത് അറുത്തതും അതിനുണ്ടായ യഥാര്‍ഥ മോട്ടീവും കണ്ടെത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. റോളര്‍ സ്‌കേറ്റിങ് ഷൂവിന് കേടു വരുത്തിയതു കൊണ്ടാണ് പതിനാറുകാരനെ വകവരുത്തിയത് എന്നാണ് പ്രതികളുടെ മൊഴി. അത് പെട്ടെന്നുള്ള പ്രകോപന കാരണമായി പൊലീസ് കാണുന്നില്ല. കോടാലി അടക്കമുള്ള ഉപകരണങ്ങള്‍ പ്രതികള്‍ കരുതിയിരുന്നതിനാല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ എന്നുള്ള സംശയവും പൊലീസിനുണ്ടഡിഐജി ഇതു വരെയുള്ള അന്വേഷണം വിലയിരുത്തി. കൊലപാതകം നടന്ന സാഹചര്യം, സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികള്‍, പ്രതികളുടെയും കൊല്ലപ്പെട്ടയാളുടെയും ജീവിത സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സംഭവ സ്ഥലവും കൊടുമണ്‍ പൊലീസ് സ്റ്റേഷനും ഡിഐജി സന്ദര്‍ശിച്ചു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയെടുത്തു. ഇത്രയും ക്രൂരമായ കൊലപാതകത്തിന് പ്രതികള്‍ ഇപ്പോള്‍ പറയുന്ന മോട്ടീവ് ഉണ്ടോ എന്നാണ് ഡിഐജി പ്രധാനമായും പരിശോധിച്ചത്.
മൃതദേഹം കുഴിച്ചു മൂടാന്‍ പ്രതികളെ പ്രേരിപ്പിച്ച സംഗതികള്‍, അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നത്, പൊലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നിവയും പരിശോധിക്കുന്നു. കേസ് ഡയറി ഫയലും, ഡിഐജി പരിശോധിച്ചു. സിനിമ കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഴുത്ത് അറുത്തത് എന്നാണ് പ്രതികളുടെ മൊഴി. താലിബാന്‍ മാതൃകയിലുള്ള കൊലപാതകമായിട്ടാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്. യുട്യൂബില്‍ ഇത്തരം നിരവധി വീഡിയോകള്‍ ലഭ്യമാണ് താനും.
Your comment?