കുടുംബശ്രീ വഴി 20,000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയില്‍ പണം ലഭിക്കുന്നത് ഇഷ്ടക്കാര്‍ക്ക് മാത്രമെന്ന് ആരോപണം; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പാക്കേജ് വഴി എത്തുന്നത് 2000 കോടി രൂപയുടെ സഹായം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിയില്‍ എല്ലാ കുടുംബശ്രീകള്‍ക്കും ഗുണഫലം കിട്ടുന്നില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി വഴി 2000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ അയല്‍ക്കൂട്ട അംഗത്തിനോ കുടുംബത്തിനോ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസവും അവരുടെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തി 5000 മുതല്‍ 20,000 രൂപവരെ വായ്പ ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചാണ് 20,000 രൂപ വരെ വായ്പയായി നല്‍കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സേവിങ്‌സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. സാധാരണയായി ഒരു വായ്പ നിലവിലുണ്ടെങ്കില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകള്‍ മറ്റൊരു വായ്പ നല്‍കാറില്ല. നിലവിലുള്ള വായ്പ മുഴുവന്‍ തിരിച്ചടച്ചാല്‍ മാത്രമേ പുതിയ വായ്പ നല്‍കാറുള്ളൂ. എന്നാല്‍, സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഈ നിയമം ബാധകമല്ല. നിലവില്‍ വായ്പ എടുത്തിട്ടുള്ള യൂണിറ്റുകള്‍ക്കും ലോണ്‍ കിട്ടും
അതേസമയം, സഹായ ഹസ്തം വായ്പാ പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന നിലയിലുള്ള പ്രചാരണവും ശക്തമാണ്. ചില കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. ഇടതുപക്ഷക്കാര്‍ക്ക് മാത്രമായി പദ്ധതി ഒതുങ്ങുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാ ആരോപണമാണ് എന്ന് കുടുംബശ്രീ മിഷന്‍ തന്നെ വ്യക്തമാക്കുന്നു. 2019 ഡിസംബര്‍ 31 ന് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂ്ടത്തിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക എന്ന് ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2018-19 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയും രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്ത യൂണിറ്റുകള്‍ക്കാണ് വായ്പക്ക് അര്‍ഹത.
8.5 മുതല്‍ ഒമ്പത് ശതമാനം വരെ പലിശ ഈടാക്കിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കുക. ഈ പലിശ തുക സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ഓഡിറ്റ് ചെയ്യാത്ത യൂണിറ്റുകള്‍ക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കുടുംബശ്രീ മിഷന്‍ വ്യക്തമാക്കുന്നത്. ലിങ്കേജ് വായ്പ എടുക്കുന്നതിന് നിലവില്‍ ചില വ്യവസ്ഥകള്‍ ഉണ്ടെന്ന് മിഷന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ അയല്‍ക്കൂട്ടങ്ങളും ?ഗ്രേഡ് ചെയ്യണം. നബാര്‍ഡ് വികസിപ്പിച്ച 150 മാര്‍ക്കിന്റെ സ്‌കോര്‍ ഷീറ്റില്‍ 120 മാര്‍ക്ക് കിട്ടുന്ന യൂണിറ്റുകള്‍ക്ക് മാത്രമേ നിലവില്‍ വായപ നല്‍കുന്നുള്ളു. അയല്‍ക്കൂട്ടങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യണം. 2019-20ലെ ഓഡിറ്റ് കോവിഡിന്റെ സാഹചര്യത്തില്‍ പൂര്‍ത്തീകരിക്കാത്ത യൂണിറ്റുകള്‍ക്കും വായ്പ ലഭ്യമാക്കും. 2018-19ലെ ഓഡിറ്റ് പൂര്‍ത്തീകരിച്ച യൂണിറ്റുകളെയും വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ അയല്‍ക്കൂട്ടവും അതത് വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ പുതുക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത സംഘങ്ങള്‍ നിര്‍ജീവമാണ് എന്നും മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
വായ്പാ നിബന്ധനകളും ഉത്തരവില്‍ വിശദമായി പറയുന്നുണ്ട്
2019 ഡിസംബര്‍ 31 ന് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക
അയല്‍ക്കൂട്ടങ്ങള്‍ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സേവിങ്‌സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്.
ബാങ്കുകള്‍ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയര്‍ത്തിയോ തുക അനുവദിക്കണമെന്നാണ് വ്യവസ്ഥ.
ബാങ്കുകള്‍ 8.5 ശതമാനം മുതല്‍ 9 ശതമാനം വരെ പലിശക്ക് അയല്‍കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യാമാക്കുകയും , തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തില്‍ വായ്പാപലിശ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.
ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി
മൊറട്ടോറിയം കാലാവധിക്ക് ശേഷം അയല്‍ക്കൂട്ടങ്ങള്‍ പലിശ സഹിതമുള്ള തവണകള്‍ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വര്‍ഷ ഗഡുക്കളായി സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ആയി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കും.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളമോ പെന്‍ഷനോ പറ്റുന്നവര്‍ അവരുടെ കുടുംബാംഗങ്ങള്‍ പ്രതിമാസം 10000 രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് വായ്പ നല്‍കാന്‍ വ്യവസ്ഥയില്ല
സാമൂഹിക പെന്‍ഷനും ഓണറേറിയവും കിട്ടന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പ നല്‍കാം
Your comment?