രാത്രി ഒമ്പതിന് ഒമ്പതു മിനുട്ട് നേരം ചക്കൂര്‍ച്ചിറ അമ്പലത്തില്‍ നിന്ന് ഉയര്‍ന്നത് ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനം; പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ചക്കൂര്‍ച്ചിറയിലെ ശാന്തി നടപ്പാക്കിയത് വേറിട്ട വഴിയിലൂടെ
അടൂര്‍: ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന്, ഒമ്പതു മിനുട്ട് നേരം ഐക്യത്തിന്റെ ദീപം തെളിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ചിലര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിച്ചു. മറ്റു ചിലര്‍ നിഷേധിച്ചു. ദീപം തെളിക്കാന്‍ ഓരോരുത്തരും അവരുടെ വഴികള്‍ കണ്ടെത്തി. ചെരാതും നിലവിളക്കും ചിലര്‍ കൊളുത്തി. മറ്റു ചിലര്‍ മെഴുകുതിരി കത്തിച്ചു. ഇനി ചിലര്‍ മൊബൈല്‍ ദീപം തെളിയിച്ചു.
എന്നാല്‍, ഇതിലൊക്കെ വ്യത്യസ്തമായ ഒരു പാതയാണ് അടൂര്‍ നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതി ക്ഷേത്രത്തിലെ ശാന്തി ശരത് ശര്‍മ സ്വീകരിച്ചത്. അദ്ദേഹം രാത്രി ഒമ്പതു മണിയോടെ ക്ഷേത്രത്തില്‍ ദീപം തെളിച്ചു. ഒപ്പം ഉച്ചഭാഷിണിയില്‍ നിന്ന് ഒരു ഗാനവും മുഴങ്ങി. ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനം ക്ഷേത്രത്തിലെ ഉച്ചഭാഷണിയിലൂടെ പതിഞ്ഞ ശബ്ദത്തിലാണ് പുറത്തേക്ക് ഒഴുകിയത്. അതിലൊക്കെ അതിശയം ഈ ഗാനം കിലോമീറ്റര്‍ അപ്പുറം വരെയുള്ളവര്‍ കേട്ടുവെന്നതാണ്.
https://www.facebook.com/312535698911794/videos/1149878755357307/
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ അന്തരീക്ഷത്തിന് ഒരു പാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബഹളങ്ങള്‍ ഒക്കെ ശമിച്ചു. ശാന്തമായ ചുറ്റുപാട്. ഇതു കാരണമാകാം ഈ ഗാനം കിലോമീറ്ററുകള്‍ക്കപ്പുറം കേട്ടത്. എന്തായാലും ഗാനം കേട്ടവര്‍ അത് ശ്രദ്ധിച്ചു. പ്രധാനമന്ത്രി നിര്‍ദേശിച്ച ഒമ്പതു മിനുട്ടിന് ശേഷം ഗാനം നിലച്ചു. കേട്ടവരൊക്കെ ഗാനത്തിന്റെ ഉറവിടം തേടി. സമയത്തിന് അനുയോജ്യമായ ഗാനം വന്നത് ചക്കൂര്‍ച്ചിറ അമ്പലത്തില്‍ നിന്നാണെന്ന് ഇന്ന് രാവിലെയാണ് എല്ലാവര്‍ക്കും മനസിലായി. അതോടെയാണ് ശാന്തിയെയും ക്ഷേത്ര അധികൃതരെയും നാട്ടുകാര്‍ അഭിനന്ദിച്ചത്.
1972 ല്‍ പുറത്തിറങ്ങിയ സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്‌കരന്‍ എഴുതി പുകഴേന്തി ചിട്ടപ്പെടുത്തി എസ് ജാനകിയാണ് ഈ ഗാനം ആലപിച്ചത്. കോവിഡ് 19 ന് എതിരായ പ്രചാരണത്തിന് തുടക്കം മുതല്‍ ഈ ഗാനം പലരും ഉപയോഗിച്ചിരുന്നു. അതാണ് ശരത് ശര്‍മയ്ക്കും പ്രചോദനമായത്.
Your comment?