ജോലിക്കു പോയ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച എസ്‌ഐക്കെതിരെ പ്രതിഷേധം ശക്തം; അടൂര്‍ നഗരഹൃദയത്തില്‍ വാഹനങ്ങള്‍ ചീറിപായുമ്പോള്‍ പഴകുളത്ത് ജാസ്മിന്‍ മുഹമ്മദിനെ തടഞ്ഞിട്ടത് ഒരു മണിക്കൂര്‍; സംഭവം കൈവിട്ടെന്ന് മനസ്സിലായപ്പോള്‍ നൂറനാട്ടെ വീട്ടിലെത്തി ഭര്‍ത്താവിന്റെ കാലു പിടിച്ച് ധീരനായ എസ്‌ഐ
സ്വന്തം ലേഖകന്‍
അടൂര്‍: കോവിഡ് 19 എന്ന മഹാമാരി നിയന്ത്രിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പെടാപ്പാട് പെടുകയാണ് നമ്മുടെ പൊലീസ് സേന. അതിന് പ്രത്യുപകാരം എന്ന നിലയില്‍ ജനങ്ങള്‍ അവര്‍ക്ക് ആദരവും ബഹുമാനവും കൊടുക്കുന്നു. എന്നാല്‍, ഇക്കാലത്തും സേനയുടെ പേര് കളങ്കപ്പെടുത്താന്‍ ചിലര്‍ തനി പൊലീസുകാരായി നടുറോഡിലുണ്ട്. അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സും മറ്റൊരാള്‍ മെഴുവേലി ആയുര്‍വേദാശുപത്രിയിലെ ഫാര്‍മസിസ്റ്റുമാണ്. അപമാനിക്കാന്‍ തയാറായ അടൂരിലെ എസ്‌ഐ പിന്നീട് നഴ്‌സിന്റെ വീട്ടിലെത്തി കാലു പിടിച്ചപ്പോള്‍ ഇലവുംതിട്ട സ്റ്റേഷനിലെ പൊലീസുകാരന്‍ വനിതാ ഫാര്‍മസിസ്റ്റിന്റെ ഭര്‍ത്താവിന്റെ പേരില്‍ പരാതി നല്‍കാനാണ് ശ്രമിച്ചത്.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സ് നൂറനാട് സ്വദേശി ജാസ്മിന്‍ മുഹമ്മദിനെ രണ്ടു ദിവസം മുന്‍പ് ഉച്ചയ്ക്കാണ് കെപി റോഡില്‍ പഴകുളം ജങ്ഷന് സമീപം അടൂര്‍ സ്റ്റേഷനിലെ ഒരു എസ്‌ഐ തടഞ്ഞിട്ടത്. ഉച്ച കഴിഞ്ഞുളള ഡ്യൂട്ടിക്ക് വേണ്ടി നൂറനാട്ടുള്ള വീട്ടില്‍ നിന്ന് സ്വയം കാര്‍ ഓടിച്ചു വരികയായിരുന്നു ജാസ്മിന്‍. വാഹന പരിശോധന നടത്തുകയായിരുന്ന ഇവരെ തടഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ജാസ്മിനോട് വാഹനം മാറ്റിയിടാന്‍ എസ്‌ഐ നിര്‍ദേശിച്ചു. 15 മിനുട്ട് കാത്തു നിന്ന് ജാസ്മിന്‍ എസ്‌ഐയോട് ഒടുക്കം യൂണിഫോം കാണിച്ചു കൊടുത്തിട്ട് താന്‍ നഴ്‌സാണെന്നു, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്ടില്‍ കയറേണ്ടതാണെന്നും പറഞ്ഞു. എസ്‌ഐ ഇതൊന്നും ചെവിക്കൊണ്ടില്ല. തന്റെ തുണി കാണാനല്ല ഞാനിവിടെ നില്‍ക്കുന്നത് എന്നായിരുന്നു മറുപടി. കുറേ നേരം കഴിഞ്ഞിട്ടും പോലീസ് വിട്ടയയ്ക്കാതെ വന്നപ്പോള്‍ ജാസ്മിന്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു. സൂപ്രണ്ടിനോട് സംസാരിക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഒരുത്തനോടും സംസാരിക്കണ്ട കാര്യമില്ല എന്നായിരുന്നു എസ്‌ഐയുടെ മറുപടി. ഒരു മണിക്കൂറിന് ശേഷം ഇവരെ പോകാന്‍ അനുവദിച്ചു.
ആശുപത്രിയില്‍ എത്തിയ ജാസ്മിന്‍ ഡിവൈഎസ്പിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. സംഗതി കൈവിട്ട് പോയെന്ന് മനസിലായ എസ്‌ഐ വൈകിട്ട് നൂറനാട്ടെ വീട്ടിലെത്തി നഴ്‌സിന്റെ ഭര്‍ത്താവിന്റെ കാലു പിടിച്ചു. പരാതി പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, കുടുംബം പരാതി പിന്‍വലിക്കാന്‍ തയാറായില്ല.
Your comment?