
മനാമ: ബഹ്‌റൈനില്‍ സ്വയം നിരീക്ഷണത്തിന് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യമൊരുക്കി മലയാളി ബിസിനസ്സുകാരന്‍. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും വിട്ടു നല്‍കുമെന്നു ബഹ്‌റൈനില്‍ ബിസിനസുകാരനായ മുഹമ്മദ് റഫീഖ് പറഞ്ഞു.
ഒന്നിലധികം പേര്‍ ഒരു മുറികളിലായാണ് പൊതുവെ ബഹ്റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. നാട്ടില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ബഹ്‌റൈനിലെത്തുന്നവരോട് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതിനു പ്രയാസം നേരിടുന്നവര്‍ക്ക് സാധിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് താന്‍ സഹായവുമായി മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹ്റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ മുന്നോട്ട് വച്ച പ്രവത്തനങ്ങളില്‍ പങ്കാളിയാവുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
അഞ്ഞൂറോളം പേര്‍ക്ക് ഐസലേഷന്‍ സൗകര്യം
അഞ്ഞുറോളം പേരെ ഐസലേഷനില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഹോട്ടല്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ മന്ത്രാലയത്തിന് താത്കാലിക വിട്ടുനല്‍കാന്‍ തയാറാണെന്നും ഇക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെടാം: +973 38000274, 38000262, 38000252.
Your comment?