മങ്കട: സ്വര്‍ണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപ തട്ടിയെടുത്തു. മക്കരപ്പറമ്പിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് 500 ഗ്രാം വരുന്ന സ്വര്‍ണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.
കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ചതാണ് സ്വര്‍ണത്തോണിയെന്നും മറ്റാരും അറിയാതെയുള്ള വില്‍പനയായതിനാല്‍ ചെറിയ തുകയ്ക്ക് നല്‍കുകയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ ആഴ്ച തൃശൂരിലെത്തി തോണി കണ്ട് അതില്‍ നിന്നും ഒരു കഷ്ണം നല്‍കി പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ആവശ്യപ്പെട്ടു.
നല്‍കിയ സ്വര്‍ണം യഥാര്‍ഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നല്‍കി സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ ദിവസം വീണ്ടും യുവാവ് തോണിയില്‍ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ മങ്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവാവിന്റെ പരാതിയില്‍ മങ്കട പൊലീസ് മക്കരപ്പറമ്പിലെത്തി തെളിവെടുപ്പ് നടത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Your comment?