പത്തനംതിട്ട:തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം തയാറാക്കിയ നിലയ്ക്കല്‍ ബേസ് ക്യാമ്പിന്റെ അന്തിമ രൂപരേഖ ഈ മാസം 31 ന് അകം ശബരിമല ഹൈപവര്‍ കമ്മിറ്റിക്കു സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിന്റെ പ്ലാന്‍ വിശകലനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 19ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഹൈപ്പവര്‍ കമ്മിറ്റി യോഗം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ പമ്പയിലെ ശൗചാലയങ്ങളും വിരി വയ്ക്കുന്നതിനുള്ള രാമമൂര്‍ത്തി മണ്ഡപവും ഭക്ഷണ ശാലകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനെയും വിവിധ വകുപ്പുകളെയും നിയോഗിച്ച് അടിയന്തിരമായി നിലയ്ക്കലില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നത് ഒഴിവാക്കി നിലയ്ക്കലാണ് പാര്‍ക്കിംഗ് ഒരുക്കിയിരുന്നത്. ഇവിടെ നിന്നും തീര്‍ഥാടകരെ കെഎസ്ആര്‍ടിസിയുടെ ചെയിന്‍സര്‍വീസ് ബസുകളിലാണ് പമ്പയിലെക്ക് എത്തിച്ചത്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ നിലയ്ക്കല്‍ ഏര്‍പ്പെടുത്തിയിരുന്നു.
മണ്ഡലകാലത്തും മകരവിളക്കിനും പമ്പയിലും സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തരുടെ തിരക്ക് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതു
കൂടി കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനാണ് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിലയ്ക്കലില്‍ ബേസ് ക്യാമ്പ് വികസിപ്പിക്കുന്നത്. ഇതുപ്രകാരം തിരുവിതാകൂര്‍ ദേവസം ബോര്‍ഡിന് സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ 110 ഹെക്ടര്‍ സ്ഥലം നേരത്തെ കൈമാറിയിരുന്നു. ഇവിടെയാണ് നിലയ്ക്കല്‍ ബേയ്സ് ക്യാമ്പ് വികസിപ്പിക്കുന്നത്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അവര്‍ക്ക് വിശ്രമിക്കുന്നതിനും ഉള്‍പ്പെടെ എല്ലാ സൗകരങ്ങളും ഉള്‍പ്പെടുത്തിയതാണ് ബേസ് ക്യാമ്പ്. ഓരോ വര്‍ഷവും 4.5 കോടി മുതല്‍ അഞ്ച് കോടി വരെ തീര്‍ഥാടകരാണ് ശബരിമല ദര്‍ശനത്തിനെത്തുന്നതെന്നാണ് കണക്കാക്കുന്നത്.
ബേസ് ക്യാമ്പില്‍ എന്തൊക്കെ?
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, വിരിവയ്ക്കുന്നതിനുള്ള സൗകര്യം, താമസ സൗകര്യം, കൊമേഴ്‌സ്യല്‍ ഏരിയ, ശൗചാലയങ്ങള്‍, എമര്‍ജന്‍സി സര്‍വീസ്, മെഡിക്കല്‍ സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഓപ്പണ്‍ സ്‌പേസ്, 50,000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് നിലയ്ക്കലില്‍ നിര്‍ദിഷ്ട ബേസ് ക്യാമ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
തീര്‍ഥാടകര്‍ പത്തനംതിട്ട വഴിയും, എരുമേലി കണമല വഴിയുമാണ് നിലയ്ക്കല്‍ എത്തി പമ്പയിലേക്ക് പോകുന്നത്. നിലവില്‍ ശൗചാലയങ്ങള്‍, ജലവിതരണം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, താമസ സൗകര്യങ്ങള്‍, മെഡിക്കല്‍ സെന്റര്‍, പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ചെയിന്‍ ബസ് സര്‍വീസ് സൗകര്യങ്ങളും നിലയ്ക്കലില്‍ ലഭ്യമാണ്. പ്രകൃതിക്ക് കൂടുതല്‍ ദോഷം ഉണ്ടാകാത്ത വിധം ഭക്തര്‍ക്ക് അനുയോജ്യമായ തരത്തിലാകും വികസനം. 110 ഹെക്ടര്‍ പ്രദേശം ഉള്‍ക്കൊള്ളുന്നതാകും ബേസ് ക്യാമ്പ്. ഘട്ടംഘട്ടമായുള്ള വികസനമാണു ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുണ്ടും ഉണ്ടാകാത്ത തരത്തിലുള്ള സൗകര്യമാകും ഇവിടെ ഒരുക്കുന്നത്.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാറാണി, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിലെ ഡോ.ശൈലജ നായര്‍, ഡോ.പ്രിയാഞ്ജലി പ്രഭാകരന്‍ എന്നിവര്‍ ബേസ് ക്യാമ്പിന്റെ രൂപരേഖയെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിലെ പ്രൊഫ.ടി.എല്‍ ഷാജി, പ്രൊഫ.എല്‍.സുജാ കുമാരി, ഡോ.ശൈലജ നായര്‍, പ്രൊഫ.കാര്‍ത്തിക് മോഹന്‍, പ്രൊഫ.ആര്‍.അജു, ഡോ.പ്രിയാഞ്ജലി പ്രഭാകരന്‍, വിന്‍സി വിജയന്‍ എന്നിവരടങ്ങിയ ടീമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പിന്റെ രൂപരേഖ തയാറാക്കിയത്.
Your comment?