ചിങ്ങപ്പുലരിയില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടന്നു. നെയ്യഭിഷേകത്തിനു ശേഷം തന്ത്രി ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. ചിങ്ങമാസ പുലരിയില്‍ ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പദര്‍ശ പുണ്യം തേടിയെത്തിയത്. പുലര്‍ച്ചെ 5.30ന് ആരംഭിച്ച മഹാഗണപതി ഹോമം കണ്ടു തൊഴാനും നിരവധി ഭക്തര്‍ ഉണ്ടായിരുന്നു. ഉഷപൂജ കഴിഞ്ഞ് രാവിലെ എട്ടോടെ ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടപടികള്‍ ആരംഭിച്ചു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പ് നടപടികള്‍ക്ക് മുന്‍പ് നറുക്കെടുപ്പിനുള്ള വെള്ളി കുടങ്ങളും പേരെഴുതിയ കടലാസ് കഷണങ്ങളും വിശദമായി പരിശോധിച്ചു.തുടര്‍ന്ന് രണ്ടു കുടങ്ങള്‍ പൂജിക്കാനായി ശ്രീകോവിലിലേക്ക് നല്‍കി.
പൂജിച്ച ശേഷം കുടങ്ങള്‍ നറുക്കെടുപ്പ് നടപടികള്‍ക്കായി പുറത്തേക്ക് കൈമാറി. പിന്നെ ഒന്നാമത്തെ വെള്ളി കുടത്തില്‍ ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ട ഒന്‍പത് ശാന്തിമാരുടെ പേരുകള്‍ എഴുതിയ ഒന്‍പത് തുണ്ട് കടലാസുകള്‍ ചുരുളുകളാക്കി നിക്ഷേപിച്ചു. രണ്ടാമത്തെ കുടത്തില്‍ എട്ട് ഒന്നുമെഴുതാത്ത തുണ്ടുകളും ഒന്നില്‍ മേല്‍ശാന്തി എന്നെഴുതിയും ചുരുളുകളാക്കി നിക്ഷേപിച്ച് കുടങ്ങള്‍ അടച്ച് അയ്യപ്പന്റെ മുന്നിലേക്ക് നല്‍കി വീണ്ടും പൂജിച്ചു. പിന്നെ പുറത്തേക്ക് ലഭിച്ച കുടങ്ങള്‍ തുറന്ന് തുണ്ടുകള്‍ ഓരോന്നായി എടുത്തു തുടങ്ങി. ഒന്‍പതാമത്തെ നറുക്കെടുപ്പിലാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താവിന് അടുത്ത ഒരു വര്‍ഷത്തേക്ക് പൂജ ചെയ്യാനുള്ള പുറപ്പെടാശാന്തിയെ കണ്ടെത്തിയത്. നറുക്കെടുപ്പില്‍ പേരും മേല്‍ശാന്തിയും ഒരുമിച്ചു വന്ന ഭാഗ്യം സിദ്ധിച്ചത് തിരുനാവായ അരീക്കരമനയിലെ എ.കെ.സുധീര്‍ നമ്പൂതിരിക്കായിയിരുന്നു. തിരുനാവായ നാഥാ മുകന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ എ.കെ.സുധീര്‍ നമ്പൂതിരി. പന്തളം രാജകുടുംബത്തിലെ ഇളമുറകുടുംബാംഗമായ മാധവ് കെ.വര്‍മയായിരുന്നു ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് കൂടിയായ ഭാസ്‌കരന്‍നായര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ യതീന്ദ്രനാഥ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന പ്രതിനിധി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പി.ആര്‍ഒ സുനില്‍ അരുമാനൂര്‍, ദേവസ്വം വിജിലന്‍സ് ഓഫീസര്‍ എന്നിവരും അയ്യപ്പഭക്തരും മാധ്യമങ്ങളും നറുക്കെടുപ്പിന് സാക്ഷികളായി.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് ശേഷമായിരുന്നു മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം രാജകുടുംബത്തിലെ അംഗമായ കാഞ്ചന വര്‍മയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുത്തത്. എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയാണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി. ആലുവ പുളിയനം പാറക്കടവ് മാടവന മനയിലെ അംഗമാണ് പരമേശ്വരന്‍ നമ്പൂതിരി. തുടര്‍ന്ന് ശബരിമല ഉള്‍ക്കഴകത്തിനെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അഞ്ചല്‍ ദേവസ്വം പുനലൂര്‍ ഗ്രൂപ്പിലെ എന്‍.സന്തോഷ് കുമാറാണ് ശബരിമലയിലെ പുതിയ ഉള്‍ക്കഴകം (കീഴ്ശാന്തി).
ചിങ്ങമാസത്തില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താവിനെ ദര്‍ശിച്ച് പുണ്യം നേടാനായി ആയിരക്കണക്കിന് അയ്യപ്പഭക്തരായിരിക്കും ഒരോ ദിവസവും എത്തുക. നട തുറന്നിരിക്കുന്ന അടുത്ത നാലു ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം, ലക്ഷാര്‍ച്ചന എന്നിവ ഉണ്ടാകും. ഈമാസം 21 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി സെപ്റ്റംബര്‍ ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര നട തുറക്കും. 13 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
Your comment?