ചേന്നംപുത്തൂര്‍ കോളനി: ഫ്ളാറ്റ് നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കുമെന്ന് ഹൗസിംഗ് ബോര്‍ഡ്
അടൂര്‍: ചേന്നംപുത്തൂര്‍ കോളനിയിലെ ഭവനത്തിന് അര്‍ഹരായവര്‍ എത്രയെന്ന് ഗ്രാമപഞ്ചായത്ത് സര്‍വേ നടത്തി പട്ടിക നല്‍കിയാല്‍ ഫ്ളാറ്റ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഹൗസിംഗ് ബോര്‍ഡ് സൗജന്യമായി നല്‍കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ചേന്നംപുത്തൂര്‍ കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. സര്‍വേ നടത്തുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പട്ടിക ലഭിച്ചാല്‍ ഉടന്‍ തന്നെ ഫ്ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.
ചേന്നംപുത്തൂര്‍ കോളനിയിലെ താമസക്കാര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടുവ ഗവ. എല്‍പി സ്‌കൂളിലാണ് ആലോചനായോഗം ചേര്‍ന്നത്.
രാജീവ് ഗാന്ധി ലക്ഷം വീട് കോളനി പദ്ധതി പ്രകാരം നിര്‍മിച്ചതാണ് ചേന്നംപുത്തൂര്‍ കോളനി. മുപ്പത്തിനാല് കുടുംബങ്ങളാണ് ഹൗസിംഗ് ബോര്‍ഡ് വക സ്ഥലത്തെ ഇടിഞ്ഞു വീഴാറായ വീടുകളില്‍ താമസിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീഴാറായ വീടുകളില്‍ താമസിച്ചിരുന്ന കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ചേന്നംപുത്തൂര്‍ കോളനിയിയിലെ ഭവനത്തിന് അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് തരുന്ന മുറയ്ക്ക് ദാന ആധാരം നല്‍കുന്നതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് തയാറാണെന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് പറഞ്ഞു.
ചേന്നംപുത്തൂര്‍ കോളനിയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് എന്‍ഒസി നല്‍കാന്‍ തയാറാണെന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തോട്ടുവ ഗവണ്‍മെന്റ് എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കോളനി നിവാസികള്‍.
ജില്ലാ കളക്ടര്‍ പി ബി നൂഹ്, ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, അടൂര്‍ അര്‍ഡിഒ പി.റ്റി എബ്രഹാം,ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബീനാ റാണി, അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?