പതിനഞ്ചടി താഴ്ചയിലേക്കു വീണു കാലൊടിഞ്ഞ ഗര്‍ഭിണിയായ പശുവിനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി: റബര്‍ തോട്ടത്തില്‍ മേയാന്‍ വിട്ടപ്പോഴാണ് അപകടം സംഭവിച്ചത്
പത്തനംതിട്ട:റബര്‍ തോട്ടത്തില്‍ മേയുന്നതിനിടെ 15 അടി താഴ്ചയിലേക്ക് വീണ് കാലൊടിഞ്ഞ ഗര്‍ഭിണിയായ ജഴ്സി ഇനത്തില്‍പ്പെട്ട പശുവിനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. മൈലപ്ര രജനി ഭവനില്‍ ശ്യാമളയുടെ പശുവിനെയാണ് രക്ഷപ്പെടുത്തിയത്.
പ്രസവിക്കാറായ പശുവിനെ അടുത്തുളള റബര്‍ തോട്ടത്തില്‍ മേയാന്‍ വിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. കാലു വഴുതി പതിനഞ്ച് അടി താഴ്ചയിലേക്ക് വീണ പശുവിന്റെ ഇടത്തെ കാലൊടിഞ്ഞതോടെ തിരിച്ച് കയറാന്‍ കഴിയാതായി. ശ്യാമള ആളുകളെ കൂട്ടി പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഗര്‍ഭിണിയായ പശുവിന് എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതോടെ മെഡിക്കല്‍ സഹായം തേടി. പല തരത്തിലുളള രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും എഴുന്നേല്‍പ്പിക്കാന്‍ സാധിച്ചില്ല. ഒടുവിലാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസറായ സി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള പത്തംഗ സംഘം മൈലപ്രയിലെത്തി പശുവിനെ രക്ഷപെടുത്തി.
ഒന്നര മണിക്കൂറെടുത്താണ് ഡെലിവറി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ രക്ഷപെടുത്തിയത്. വീഴ്ചയുടെ ആഘാതം ഉണ്ടായതിനാല്‍ മൂന്ന് മാസം കൊണ്ടേ പശുവിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുകയുളളൂവെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. പശുവിനെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന സമാധാനത്തിലാണ് ശ്യാമളയും വീട്ടുകാരും. ഒപ്പം അഗ്‌നിശമനസേനയ്ക്ക് നന്ദി പറയുകയാണ് ഈ വീട്ടമ്മ.
Your comment?