ലൊക്കേഷന്‍ പിഴച്ചതു കൊട്ടാരക്കര പൊലീസ് കണ്‍ട്രോള്‍ റൂമിന്: പണി വാങ്ങിയത് ശൂരനാട് പൊലീസും
കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ സസ്പെന്‍ഷന്‍ വന്ന പ്രശ്നം പൊലീസില്‍ പുകയുന്നു. പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന നിഗമനം ശക്തിപ്രാപിക്കുന്നതിന്നിടയിലാണ് എഎസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്കെതിരെ വന്ന സസ്പെന്‍ഷനെതിരെ രോഷമുയരുന്നത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ഇതിന്റെ പേരില്‍ ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ചാണ് ഒരു എഎസ്ഐയ്ക്കും ശൂരനാട് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്കും സസ്പെന്‍ഷന്‍ വന്നത്. പ്രശ്നത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും സുരക്ഷാവീഴ്ച വന്നിട്ടില്ലെന്ന് തന്നെയാണ് പൊലീസിനുള്ളിലെ വിലയിരുത്തല്‍. മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ചക്കുവള്ളി ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് കൊട്ടാരക്കര കണ്‍ട്രോള്‍ റൂമില്‍ നിന്നും ശൂരനാട് പൊലീസില്‍ അറിയിച്ചത്.
ചക്കുവള്ളി ജംഗ്ഷനില്‍ ബ്ലോക്ക് ഉണ്ടെന്നു അറിഞ്ഞതോടെ ശൂരനാട് പൊലീസ് ചക്കുവള്ളി എത്തി. എന്നാല്‍ ചക്കുവള്ളി ജംഗ്ഷനില്‍ ബ്ലോക്ക് ഉണ്ടായിരുന്നില്ല. ശൂരനാട് പൊലീസ് മടങ്ങി. എന്നാല്‍ ചക്കുവള്ളി ജംഗ്ഷനില്‍ വീണ്ടും ബ്ലോക്ക് എന്ന് പറഞ്ഞു സ്റ്റേഷനില്‍ വീണ്ടും സന്ദേശം എത്തി. അതോടെ വീണ്ടും ശൂരനാട് പൊലീസ് ചക്കുവള്ളി ജംഗ്ഷനില്‍ എത്തി. അവിടെ ബ്ലോക്ക് ഇല്ല എന്ന് മനസിലാക്കി തിരിച്ചു വന്നു. എന്നാല്‍ മന്ത്രിയും സംഘവും കുടുങ്ങിക്കിടന്നത് മയ്യത്തുംകരയിലാണ്. അവിടെ ഒരു പള്ളിക്കടുത്ത് വിവാഹമുണ്ടായിരുന്നു. ഈ വിവാഹബ്ലോക്കിലാണ് മന്ത്രിയും സംഘവും കുടുങ്ങിയത്. ശൂരനാട് പൊലീസിന് ശരിയായ ശരിയായ വിവരം നല്‍കുന്നതില്‍ കൊട്ടാരക്കര കണ്‍ട്രോള്‍ റൂമിനാണ് പിഴച്ചത്.
കണ്‍ട്രോള്‍ റൂമില്‍ നിന്നും നല്‍കിയ വിവരം അനുസരിച്ചാണ് ശൂരനാട് പൊലീസ് രണ്ടു തവണ ചക്കുവള്ളി എത്തി മടങ്ങിയത്. കൃത്യമായ വിവരം ശൂരനാട് പൊലീസിന് നല്‍കിയിരുന്നെങ്കില്‍ മന്ത്രിയും സംഘവും ബ്ലോക്കില്‍ കുടുങ്ങുമായിരുന്നില്ല. ലൊക്കേഷന്‍ പിഴച്ചപ്പോള്‍ പൊലീസുകാര്‍ കുറ്റക്കാരും സസ്പെന്‍ഷന്‍ അവരെ തേടി എത്തുകയും ചെയ്യുകയായിരുന്നു. ശൂരനാട് സ്റ്റേഷനില്‍ ജിഡി ചാര്‍ജ് ഉണ്ടായിരുന്ന സീനിയര്‍ സിപിഒ ഹരിലാലിനും പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ രാജേഷിനുമാണ് സസ്പെന്‍ഷന്‍ വന്നത്. ഇവരെകൂടാതെ റൂറല്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീനുമാണ് സസ്പെന്‍ഷന്‍ വന്നത്.
Your comment?