
റാന്നി :അച്ഛനും അമ്മയും നല്‍കിയ ഓരോ തുട്ട് നാണയങ്ങളും കുടുക്കയിലിട്ട് സ്വരൂപിക്കുമ്പോഴും ഈ തുക നാടിന്റെ ഏറ്റവും വലിയ കാരുണ്യപ്രവര്‍ത്തനത്തിന് ഉപകരിക്കുമെന്ന് റാന്നി അടിച്ചിപ്പുഴ പള്ളത്ത് സുരേഷ്-ബിന്ദു ദമ്പതികളുടെ മക്കളായ അബിനും അജിനും കരുതിയില്ല. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍ പോകുന്നതിനു വേണ്ടിയാണ് റാന്നി എസ് സി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അബിനും അത്തിക്കയം എംടി എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അജിനും നാണയങ്ങള്‍ സ്വരൂപിച്ചത്. എന്നാല്‍, നിനച്ചിരിക്കാതെയുണ്ടായ മഹാപ്രളയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ നാടാകെ ഒന്നായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുന്നത് ടിവിയിലൂടെ കണ്ടതോടെയാണ് ഈ കുരുന്നുകളുടെ മനസില്‍ തങ്ങള്‍ സ്വരൂപിച്ച തുക ജില്ലാ കളക്ടറെ നേരില്‍ കണ്ട് നല്‍കുന്നതിന് പ്രേരണയായത്.
സുരേഷിന്റെ സഹോദരനായ ബിജുവിനും ബന്ധുക്കളായ അജീഷ്, നിഷാദ് എന്നീ ബന്ധുക്കള്‍ക്കും ഒപ്പമാണ് 2618 രൂപയുടെ നാണയങ്ങളുമായി കുട്ടികള്‍ കളക്ടറേറ്റില്‍ എത്തിയത്. കുട്ടികളെ തന്റെ സമീപത്ത് ചേര്‍ത്ത് നിര്‍ത്തി, ജില്ലാ കളക്ടര്‍ ഈ കസേര നാളെ നിങ്ങള്‍ക്കു വേണ്ടി ഉള്ളതാണെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ മനസില്‍ ദേശസ്‌നേഹവും സഹാനൂഭൂതിയും വളര്‍ത്താന്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കളക്ടറും ജീവനക്കാരും കുട്ടികളും ചേര്‍ന്ന് തുക എണ്ണി തിട്ടപ്പെടുത്തി.
Your comment?