നമുക്ക് ഒരുമിച്ച് അതിജീവിക്കാം… ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട:’എല്ലാവരും തൃപ്തരാണ്. നമുക്ക് ഒരുമിച്ച് അതിജീവിക്കാം…’ സ്‌നേഹപൂര്‍വം മേഴ്‌സിക്കുട്ടിയമ്മ… പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ആറന്മുള എഴിക്കാട് കമ്മ്യൂണിറ്റി ഹാള്‍ ക്യാമ്പിലെ രജിസ്റ്ററില്‍ മന്ത്രി കുറിച്ചിട്ടതിങ്ങനെയാണ്.
കിടപ്പാടം വെള്ളത്തില്‍മുങ്ങി ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന വാചകങ്ങളാണിത്. സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള തൃപ്തിയും, ഇനി ചെയ്തു തീര്‍ക്കേണ്ട തുടര്‍ നടപടികളേക്കുറിച്ചും വ്യക്തമായ ധാരണയുണ്ട് ഈ കുറിപ്പിന്. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറയുമ്പോള്‍ ക്യാമ്പ് നിവാസികളുടെ മുഖത്തും ആത്മവിശ്വാസം നിറഞ്ഞു.
ക്യാമ്പിലുള്ളവരോട് ഓരോ കാര്യവും വിശദമായി ചോദിച്ചറിഞ്ഞ് അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ എഴുതിയത്. സന്ദര്‍ശിച്ച ക്യാമ്പുകളില്‍ ഒന്നില്‍ നിന്നുപോലും അവിടെ ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നില്ല. എല്ലാം കൃത്യമായി ലഭിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിക്കു ലഭിച്ച പ്രതികരണങ്ങള്‍. ഇനിയും മഴ കൂടുമോ… എത്ര നാള്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവരും എന്നിങ്ങനെയുള്ള ആശങ്കകളും അവര്‍ മന്ത്രിയുമായി പങ്കുവച്ചു.
ജില്ലാതല സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ കഴിഞ്ഞയുടന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആദ്യം പോയത് കോഴഞ്ചേരി താലൂക്കിലെ എഴിക്കാട് കമ്മ്യൂണിറ്റി ഹാളില്‍ 34 കുടുംബങ്ങളിലെ 113 പേര്‍ താമസിക്കുന്ന ക്യാമ്പിലേക്കാണ്. എല്ലാവരോടും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. പിന്നീട് തൊട്ടടുത്ത പകല്‍വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന അസുഖബാധിതരെയും മന്ത്രി സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ അന്വേഷിച്ചു. വീണാ ജോര്‍ജ് എംഎല്‍എ മന്ത്രിക്ക് ക്യാമ്പിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. തുടര്‍ന്ന് എഴിക്കാട് നഴ്‌സറി സ്‌കൂളിലെ ക്യാമ്പിലെത്തിയപ്പോള്‍ ഉച്ചഭക്ഷണത്തിനുള്ള പാചകത്തിരക്കിലായിരുന്നു അവിടെയുണ്ടായിരുന്നവര്‍. 21 കുടുംബങ്ങളിലെ 68 പേരാണ് ഈ ക്യാമ്പിലുള്ളത്. കനത്ത മഴയെത്തുടര്‍ന്നു വീടും പരിസരവും വെള്ളക്കെട്ടിലായവരാണ് ഇവിടെയും ഉണ്ടായിരുന്നത്.
അവിടെ നിന്നും മന്ത്രി പോയത് തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലേക്കാണ്. അവിടെ കണ്ട കാഴ്ച എല്ലാവരേയും സന്തോഷിപ്പിക്കുന്നതായിരുന്നു. കുട്ടികള്‍ ഒരുമിച്ച് കസേര കളിക്കുകയായിരുന്നു. മുതിര്‍ന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലും. മന്ത്രിയെ കണ്ടതും മുതിര്‍ന്നവര്‍ ചുറ്റും കൂടി. മറ്റൊരിടത്ത് സ്‌കൂളിലെ എന്‍ എസ് എസ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച വസ്തുക്കള്‍ ഒരുക്കുന്നതിന്റെ തിരക്കിലും.
ഇവരുടെ ലീഡര്‍ ഗൗതം ശേഖരിച്ച വസ്തുക്കള്‍ മന്ത്രിക്ക് കൈമാറി. തുടര്‍ന്നു മന്ത്രി ക്യാമ്പിലെ പാചകപ്പുരയിലേക്കാണ് പോയത്. സ്വാതന്ത്ര്യ ദിനമായതിനാല്‍ വിഭവസമൃദ്ധമായ സദ്യഒരുക്കുന്നതിന്റെ തിരിക്കിലായിരുന്നു അമ്മമാര്‍. മധുരം പാടില്ലെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കിലും സ്‌നേഹത്തോടെ നല്‍കിയ പായസം മന്ത്രി രുചിച്ചു. കൂടെ ഉണ്ടായിരുന്ന സ്ഥലം എം.എല്‍എ കൂടിയായ മാത്യു ടി തോമസും സബ് കളക്ടര്‍ ഡോ.വിനയ് ഗോയലും പായസം കഴിച്ചാണ് അവിടെ നിന്നും അടുത്ത ക്യാമ്പായ തിരുമൂലപുരം എസ് എന്‍ വി എസ് ഹൈസ്‌കൂളിലേക്ക് പോയത്. ഈ ക്യാമ്പില്‍ ഏറ്റവും മുതിര്‍ന്ന ചിന്നമ്മ കല്ലില്‍ തേങ്ങ അരയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു. മന്ത്രിയെ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും ഉണ്ടാക്കുന്ന വിഭവങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.
സ്വാതന്ത്ര്യ ദിനത്തോടൊപ്പം ഞങ്ങളിന്ന് പിള്ളേരോണവും ആഘോഷിക്കുകയാണ്. പരിപ്പ്, പപ്പടം, പായസമുള്‍പ്പെടെ തയാറായിക്കഴിഞ്ഞുവെന്ന് മന്ത്രിയോടും എം എല്‍ എ യോടും പറഞ്ഞു കൊണ്ട് ചിന്നമ്മ പാചക തിരക്കില്‍ തുടര്‍ന്നു.
മന്ത്രി തുടര്‍ന്ന് തിരുവല്ല ഡയറ്റിലെ വിഭവസമാഹരണകേന്ദ്രം സന്ദര്‍ശിച്ചു. അവിടെ ഒരു കൂട്ടം വിദ്യാര്‍ഥികളും യുവാക്കളും ഉദ്യോഗസ്ഥരും ഇതുവരെ കിട്ടിയ സാധനങ്ങള്‍ തരംതിരിച്ചുവയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു. മന്ത്രിയെക്കണ്ടതും സന്തോഷത്തോടെ അവര്‍ ഒപ്പം ചേര്‍ന്നു. അവരില്‍ ചിലരുടെ വീടുകളും വെള്ളക്കെട്ടിലായിരുന്നു. ദുരിതങ്ങള്‍ക്കിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസിനെ മന്ത്രി അഭിനന്ദിച്ചു.
വോളണ്ടിയമാര്‍ക്ക് മന്ത്രിയോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. മന്ത്രിക്കൊപ്പം ഒരു സെല്‍ഫി… എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തശേഷം തൊട്ടടുത്ത ഡയറ്റ് സ്‌കൂളിലെ ക്യാമ്പിലേക്കാണ് മന്ത്രി പോയത്. അവിടെ 17 കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക അംഗന്‍വാടിയില്‍ സ്വാതന്ത്ര്യദിനാഘോഷ തിരക്കിലായിരുന്നു എല്ലാവരും. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മടങ്ങിയത്.
Your comment?