കോഴഞ്ചേരി:16 സെന്റ് ഭൂമി സര്‍ക്കാരിലേക്ക് സൗജന്യമായി നല്‍കി ജോണ്‍ മാത്യുസും കുടുംബവും മാതൃകയായി. കോഴഞ്ചേരി വില്ലേജില്‍ മേലേപീടികയില്‍ ജോണ്‍ മാത്യുസാണ് തന്റെ 36 സെന്റില്‍ നിന്നും 16 സെന്റ് ഭൂമി സര്‍ക്കാരിലേക്ക് സൗജന്യമായി നല്‍കിയത്. 16 സെന്റ് ഭൂമി വിട്ടു നല്‍കുന്നതിനുളള സമ്മതപത്രം കളക്ടറേറ്റിലെത്തി ജോണ്‍ മാത്യുസ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ജില്ലയിലെ വീടില്ലാത്ത പരമാവധി പേര്‍ക്ക് ഈ ഭൂമിയില്‍ വീട് വെച്ച് നല്‍ശുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഭവനരഹിതര്‍ക്ക് വീടുപണിയുന്നതിനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് ഭൂമി കൈമാറി ഫ്‌ളാറ്റ് സമുച്ചയം പണിയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതര്‍ക്ക് വീടുപണിയുന്നതിനായി സര്‍ക്കാരിന് ഭൂമി ദാനം ചെയ്യാന്‍ തയാറായ ജോണ്‍ മാത്യുസിനെയും കുടുംബത്തെയും ജില്ലാ കളക്ടര്‍ അനുമോദിച്ചു.
33 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ജോണ്‍ മാത്യൂസ്. ഭാര്യ റെനി സൂസന്‍ മാത്യു യുഎഇയില്‍ അധ്യാപികയാണ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഭൂമി നല്‍കുന്നത് സഹായകമാകുമെന്നും ഭാര്യയോടും തന്റെ മൂന്ന് മക്കളോടും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്നും ജോണ്‍ മാത്യുസ് പറഞ്ഞു. കോഴഞ്ചേരി വില്ലേജ് ഓഫീസര്‍ സരളാദേവി, ജൂനിയര്‍ സൂപ്രണ്ടുമാരായ പി.ജി എബ്രഹാം, ഷാലികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Your comment?