ഗീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും; സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട :ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പ്ലാസ്റ്റിക് രഹിതമായി ആഘോഷം സംഘടിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തുണിയിലും പേപ്പറിലുമുള്ള പതാകകള്‍ മാത്രമേ ഉപയോഗിക്കാവു. ആഘോഷത്തിനു ശേഷം പതാകകള്‍ വലിച്ചെറിയരുത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ഓഫീസ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്‍പതിനും 12നും ഉച്ചകഴിഞ്ഞ് മൂന്നിനും, 13ന് രാവിലെയും ജില്ലാ സ്റ്റേഡിയത്തില്‍ പരേഡ് റിഹേഴ്‌സല്‍ നടക്കും. പോലീസിന്റെ മൂന്നും എസ്പിസിയുടെ ഏഴും സ്‌കൗട്ടിന്റെയും ഗൈഡ്‌സിന്റെയും അഞ്ച് വീതവും ജെആര്‍സിയുടെ അഞ്ചും എന്‍സിസിയുടെ ഒന്നും ഫോറസ്റ്റിന്റെയും എക്‌സൈസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഒന്നു വീതവും പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. ഇതിനു പുറമേ വിവിധ സ്‌കൂളുകള്‍, എസ്പിസി എന്നിവരുടെ നാല് ബാന്‍ഡുകളും പരേഡിനെ ആകര്‍ഷകമാക്കും. റിഹേഴ്‌സലില്‍ പങ്കെടുക്കുന്നവരെ മാത്രമേ പരേഡില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. പരേഡിന്റെ പൂര്‍ണനിയന്ത്രണം എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനായിരിക്കും.
പന്തല്‍ ക്രമീകരണങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഗസ്റ്റ് 12ന് അകം പൂര്‍ത്തീകരിക്കും. വേദി, ആര്‍ച്ച് തുടങ്ങിയവ 13ന് പൂര്‍ത്തിയാക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി ആവശ്യമായി വന്നാല്‍ പൊതുമരാമത്ത് നിരത്തു വിഭാഗം അടിയന്തിരമായി പൂര്‍ത്തീകരിക്കും. സ്റ്റേഡിയത്തിലെ ലൈറ്റ്, ശബ്ദ സംവിധാനങ്ങള്‍ പൊതുമരാമത്ത് ഇലക്ട്രോണിക്‌സും ഇലക്ട്രിക്കല്‍ വിഭാഗവും ക്രമീകരിക്കും. വിദ്യാര്‍ഥികളെ പരിശീലനത്തിനും പരേഡിനും എത്തിക്കുന്നതിന് ആര്‍ടിഒ വാഹനം ക്രമീകരിക്കും. പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂളുകളുടെയും കലാപരിപാടികളുടെയും ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കും. റിഹേഴ്‌സല്‍ ദിവസങ്ങളിലും പരേഡ് ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം പത്തനംതിട്ട നഗരസഭ, ജില്ലാ പഞ്ചായത്ത്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവര്‍ ക്രമീകരിക്കും. ആവിയില്‍ തയാറാക്കിയ ആഹാരമായിരിക്കും വിതരണം ചെയ്യുക. കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി, പത്തനംതിട്ട വില്ലേജ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. റിഹേഴ്‌സല്‍ ദിവസങ്ങളിലും പരേഡ് ദിവസവും ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം, ഫയര്‍ഫോഴ്‌സ് ടീം എന്നിവ ജില്ലാ സ്റ്റേഡിയത്തില്‍ സജ്ജീകരിക്കും. പരേഡിന്റെ സുരക്ഷാ ചുമതല, പരേഡില്‍ അംഗങ്ങളെ പങ്കെടുപ്പിക്കുക തുടങ്ങിയവ പോലീസ് നിര്‍വഹിക്കും. റിഹേഴ്‌സല്‍ ദിവസങ്ങളിലും പരേഡ് ദിവസവും ജില്ലാ സ്റ്റേഡിയത്തില്‍ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിന് കെഎസ്ഇബി നടപടി സ്വീകരിക്കും.
ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസീല്‍ദാര്‍ക്കായിരിക്കും. വര്‍ണശബളമായ പരേഡിനു ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടി അരങ്ങേറും. പത്തനംതിട്ട ഭവന്‍സ്, അമൃത വിദ്യാലയം എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, പിഎസ്വിപിഎംഎച്ച്എസ് ഐരവണ്‍, തിരുവല്ല ബാലികാമഠം, അമൃത എച്ച്എസ് പറക്കോട് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനം എന്നിവ പരേഡിന്റെ മാറ്റ് കൂട്ടും. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കടകള്‍ അലങ്കരിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കൂടാതെ സ്വാതന്ത്യദിന പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് ശീതളപാനീയങ്ങള്‍ വിതരണം ചെയ്യും. തിരുവല്ല, അടൂര്‍ ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ സബ്ഡിവിഷന്‍ തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
സ്വാതന്ത്യദിനാഘോഷ പരിപാടികളില്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിമുക്ത ബേധവത്കരണ ബ്രോഷറുകള്‍ വിതരണം ചെയ്യും. അപകടങ്ങള്‍ ഒഴിവാക്കുക എന്ന സന്ദേശം ഉള്‍പ്പെടുത്തിയ ലഘുലേഖകളും ആര്‍ടിഒയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സാംസ്‌കാരിക റാലി സംഘടിപ്പിക്കുന്നതിന് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ക്ലബുകള്‍, ജനമൈത്രി സമിതി, സ്പോട്സ് കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര, വിമുക്ത ഭടന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി 29ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റില്‍ ആലോചനായോഗം ചേരും. കൂടാതെ പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഗതാഗതക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഡിഡിഇ, ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 10ന് ആര്‍ടിഒ ഓഫീസില്‍ യോഗം ചേരും.
എഡിഎം അലക്സ് പി തോമസ്, എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. സുരേഷ്, ജില്ലാ ഫയര്‍ ഓഫീസര്‍ എംജി രാജേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ, ഡിഇഒ കെ.വത്സല, ജില്ലാ സപ്ലൈ ഓഫീസര്‍ എംഎസ് ബീന, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബിഗു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Your comment?