മരുതൂര്‍ കടവിലെ തിട്ട ഇടിയല്‍: മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി
കോഴഞ്ചേരി:പമ്പയുടെ തീരം ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലായ കോഴഞ്ചേരി മല്ലപ്പുഴശേരി മരുതൂര്‍ കടവിലെ അപകട സാഹചര്യം പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനറാണിയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിക്കുകയും അപകടസ്ഥിതി വിലയിരുത്തി വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്.
മല്ലപ്പുഴശേരി മരുതൂര്‍ കടവിലെ പമ്പാ നദീതീരത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ പ്രളയത്തില്‍ തകരുകയും പിന്നീടു പുനര്‍നിര്‍മിക്കുകയും ചെയ്ത വീടുകളാണ് അപകട ഭീഷണി നേരിടുന്നത്. മരുതൂര്‍കടവ് പാറയിലായ പീറ്റര്‍ ജോര്‍ജ്, തോമസ് കുട്ടി , ജെയിംസ് കുട്ടി എന്നിവരുടെ വീടുകളാണ് അപകട ഭീതിയിലുള്ളത്. ഇതില്‍ രണ്ടു വീടുകള്‍ പുനര്‍നിര്‍മിച്ചു താമസം ആരംഭിച്ചു. ഒരു വീടിന്റെ നിര്‍മാണം നടന്നു വരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന് കുത്തൊഴുക്കില്‍ വീടുകളുടെ മുന്‍ വശത്തുള്ള മുളംകൂട്ടം തിട്ട ഇടിഞ്ഞു വീഴുകയും നദീതീരം താഴുകയും ചെയ്തു. ഇതാണ് അപകടഭീതി സൃഷ്ടിച്ചത്. തിട്ട ഇടിഞ്ഞതോടെ വീടുകള്‍ ഇരിക്കുന്ന സ്ഥലത്തു നിന്നും നാല് മീറ്റര്‍ അകലം മാത്രമേ നദിയിലേക്കുള്ളു. 100 മീറ്റര്‍ നീളത്തിലാണ് നദീ തീരം ഇടിഞ്ഞിട്ടുള്ളത്. ദുരന്ത നിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എംആര്‍ സുരേഷ് കുമാര്‍, മല്ലപ്പുഴശേരി സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ കെ പ്രസന്നന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.
Your comment?