അദാലത്തിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട:താലൂക്കുതല അദാലത്തിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. കോഴഞ്ചേരി താലൂക്ക്തല പരാതിപരിഹാര അദാലത്ത് പത്തനംതിട്ട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. അദാലത്ത് മാനദണ്ഡങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും, വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഒന്നിച്ചു തീര്‍പ്പാക്കേണ്ട പരാതികള്‍ അതിവേഗം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച 49 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളള 31 പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത താലൂക്കുതല പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 17ന് അടൂര്‍ റവന്യു ടവറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലയിലെ ഒരു താലൂക്കില്‍ വീതമാണ് ജില്ലാ കളക്ടര്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നത്. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.
അദാലത്തിന്റെയും, തുടര്‍പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി കളക്ടറേറ്റുകളിലും ആര്‍ഡിഒ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ആവശ്യമായ ജീവനക്കാരെ ഉള്‍പ്പെടുത്തി പിപിഎ സെല്‍ രൂപീകരിക്കും. താലൂക്കിലെ പിപിഎ സെല്ലിന്റെയും അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍നടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം താലൂക്കതല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. ഓരോ താലൂക്കിന്റെയും ചുമതല ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അദാലത്തുകളുടെ ഉദ്ദേശ ലക്ഷ്യം വിവരിച്ചു കൊണ്ടുളള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഒരു അദാലത്ത് തീയതിക്ക് 15 ദിവസം മുന്‍പ് വരെ ലഭിക്കുന്ന അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്ത് വേദിയില്‍ ജില്ലാ കളക്ടര്‍ക്കൊപ്പം മറ്റു വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും പങ്കെടുക്കണം. നിരസിക്കുന്ന അപേക്ഷകളില്‍ അപേക്ഷകന് ഉചിതമായ മറുപടി നല്‍കണം. അദാലത്ത് വേദിയില്‍ സിഎംഡിആര്‍എഫ് സംബന്ധിച്ച പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവ ഓണ്‍ലൈനായി സ്വീകരിക്കാനുളള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ പി ടി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആശ ആര്‍ നായര്‍, കോഴഞ്ചരി തഹസില്‍ദാര്‍ ബി ജ്യോതി, എല്‍ ആര്‍ തഹസില്‍ദാര്‍ സതിയമ്മ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?