കുട്ടികള്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പ് വരുത്തുവാന്‍ പോലീസിന് കഴിയണം – ജില്ലാ സെഷന്‍സ് ജഡ്ജ്
പത്തനംതിട്ട :കുട്ടികള്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്താന്‍ പോലീസിന് കഴിയണമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍.കെ ഇല്ലിക്കാടന്‍ പറഞ്ഞു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഓഫീസര്‍മാര്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയായ കാവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ വിഷയത്തില്‍ ഇടപെടുമ്പോള്‍ പോലീസ് സ്റ്റേഷനുകള്‍ കാണിക്കേണ്ട ജാഗ്രതയും കുട്ടിയുടെ കാര്യത്തില്‍ ശരിയായ സമയോചിത ഇടപെടലിനും വേണ്ട കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ മാനസിക-സാമൂഹിക പുനരധിവാസം ഉറപ്പുവരുത്താന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശിശു വികസന വകുപ്പ്-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ചു വരുന്ന പദ്ധതിയാണ് കാവല്‍. ഇത്തരത്തിലുളള കുട്ടികളുടെ തുടര്‍പഠനം, തൊഴില്‍ പരിശീലനം, കൗണ്‍സിലിംഗ്, ജീവിത നിപുണതാ പരിശീലനം, ലഹരി വിമുക്ത ചികിത്സ എന്നിവയില്‍ ആവശ്യമായ ഇടപെടല്‍ നടത്തി വരുന്നു. ജില്ലയില്‍ രണ്ടു സന്നദ്ധ സംഘടനകളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ച് ദിശ (ഡെമോക്രാറ്റിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍ സോഷ്യല്‍ ഹെല്‍ത്ത് ആക്ഷന്‍) എഫ്.ഡി.എ (ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്പ്മെന്റ് ആക്ഷന്‍) എന്നീ സംഘടകളാണ് പദ്ധതിയുടെ പ്രവര്‍ത്തനം നടത്തിവരുന്നത്.
ജുവനൈല്‍ ജസ്റ്റിസ് മെമ്പര്‍ തങ്കമണി നാണപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. സക്കീര്‍ ഹൂസൈന്‍, ജെ.ജെ.ബി മെമ്പര്‍ ശ്രീകുമാര്‍, ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി സുധാകരന്‍പിളള, അഡ്വ.കെ അജിത, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Your comment?