പത്തനംതിട്ട :സ്വന്തമായൊരു ഭവനം ലഭിക്കുന്നതിനായി മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കാവുംപാട്ട് വിജി കയറാത്ത ഓഫീസുകളും മുട്ടാത്ത വാതിലുകളുമില്ല. വര്‍ഷങ്ങളായി സ്വന്തമായൊരു കിടപ്പാടത്തിനായി വിജി ഓടുകയായിരുന്നു. പത്തനംതിട്ട ടൗണ്‍ഹാളില്‍ കോഴഞ്ചേരി താലൂക്ക്തല പരാതിപരിഹാര അദാലത്ത് നടക്കുന്നുവെന്ന വാര്‍ത്ത കണ്ടാണ് അംഗ പരിമിതനും ലോട്ടറി വില്‍പ്പനക്കാരനുമായ വിജി അവസാന പ്രതീക്ഷയെന്നോണം ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിന് എത്തിയത്. കോന്നി താലൂക്കില്‍പ്പെട്ടതാണ് വിജി. സ്വന്തം താലൂക്ക്തല അദാലത്ത് അല്ലെങ്കില്‍ പോലും കളക്ടറെ നേരില്‍ കാണാനും പരാതി സമര്‍പ്പിക്കാനായാല്‍ തള്ളിക്കളയില്ലെന്ന ഉറച്ച വിശ്വാസത്തിലുമാണ് വിജി ടൗണ്‍ഹാളില്‍ എത്തിയത്. വിശ്വാസം ഒട്ടും തെറ്റിയില്ല. പരാതി സസൂക്ഷ്മം പരിശോധിച്ച കളക്ടര്‍ പി.ബി നൂഹ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ അപ്പോള്‍ തന്നെ തീരുമാനമെടുത്തു. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കാവുംപാട്ട് എന്ന് പേരിട്ടിരിക്കുന്ന ടാര്‍പോളിന്‍ കെട്ടിമറച്ച വീട്ടിലാണ് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വിജിയുടെ താമസം. ലോട്ടറി വിറ്റുകിട്ടുന്ന തുകയാണ് ഇവരുടെ ഏക വരുമാന മാര്‍ഗം. മൂത്ത മകള്‍ വിദ്യ പത്താം ക്ലാസിലും, മകന്‍ വിധു നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
മഴക്കാലത്ത്് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ വിജിയും കുടുംബവും ഏറെ ബുദ്ധിമുട്ടുകയാണ്. അടച്ചുറപ്പുളള വീട് എന്നൊരു സ്വപ്നം വിജിയെ സംബന്ധിച്ച് ചിന്തിക്കാവുന്നതിവും അപ്പുറമായിരുന്നു. സഹായഹസ്തങ്ങള്‍ തേടി വിജി ഒരുപാട് അലഞ്ഞെങ്കിലും എല്ലാ വാതിലുകളും ഓരോരോ കാരണങ്ങളാല്‍ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. എന്നാല്‍, ജില്ലാ കളക്ടറുടെ അദാലത്തില്‍ വിജിയുടെ പ്രതീക്ഷ പൂര്‍ത്തീകരിക്കപ്പെട്ടു. കളക്ടറുടെ രൂപത്തില്‍ ഭാഗ്യദേവത തന്നെ കടാക്ഷിച്ചുവെന്ന സന്തോഷത്തില്‍ കൈനിറയെ ഭാഗ്യക്കുറികളുമായി പുതിയ ഭാഗ്യാവാന്‍മാരെ തേടി വിജി തന്റെ ചെറിയ തിരക്കുകളിലേക്ക് നടന്നു നീങ്ങി.
Your comment?