കോഴഞ്ചേരി:ക്യാന്‍സര്‍രോഗ നിര്‍ണയത്തിനായി ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ സേവനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും, രോഗനിര്‍ണയം നടത്തി മികച്ച ചികത്സ ഉറപ്പു വരുത്തുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പിബി നൂഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ ഏപ്രില്‍ 2018 മുതല്‍ 2019 മാര്‍ച്ച് വരെയുളള വാര്‍ഷിക വരുമാനം, വരവ്-ചെലവ് കണക്കുകള്‍ എന്നിവ ഡയറക്ടര്‍ ഡോ. കെ.ജി ശശിധരന്‍പിളള അവതരിപ്പിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുളള പദ്ധതികളും, വരവ്-ചെലവ് കണക്കുകളും സമിതി പരിശോധിച്ച് അംഗീകരിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ക്യാന്‍സര്‍ സെന്ററിലേക്ക് ആവശ്യമായിട്ടുളള മള്‍ട്ടി പാരാമീറ്റര്‍ ലഭ്യമാക്കുമെന്ന്് ഡിഎംഒ ഡോ.എ.എല്‍ ഷീജ (ആരോഗ്യം) അറിയിച്ചു. ക്യാന്‍സര്‍ സെന്ററിലേക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ജില്ലാ ആശുപത്രി സൂപ്രണ്ട് വാര്‍ഷിക ഇന്‍ഡന്റ് നല്‍കുന്നതിനോടൊപ്പം ക്യാന്‍സര്‍ സെന്ററിന്റെ പേവാര്‍ഡിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും നല്‍കും. കരാര്‍ ജീവനക്കാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാലാവധി പുതുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഫിനാന്‍സ് ഓഫീസര്‍ എം ഗീതാകുമാരി, എന്‍എസ്ഡി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് ഗണേഷ്, പ്ലാനിംഗ് ബോര്‍ഡ് റിസര്‍ച്ച ഓഫീസര്‍ ജി ഉല്ലാസ്, ഡിഡബ്ലിയുഡബ്ലിയുഒ കെ ആര്‍ സുജാത, ഡിസിസിഎസ് സെക്രട്ടറി ഡോ എസ് പ്രതിഭ, ഡെപ്യൂട്ടി ഡിഎംഒ ഡോ.പത്മകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?