അടൂര്‍:ജനസേവനത്തോടൊപ്പം ഔഷധ നിര്‍മാണവും അതുവഴി തലയുടെ രോഗങ്ങളും ചെന്നിക്കുത്തും (മൈഗ്രെയ്ന്‍) മാറ്റി ജനകീയ ചികിത്സകനായും വര്‍ത്തിക്കുകയാണ് പി.ബി. ഹര്‍ഷകുമാര്‍ എന്ന രാഷ്ട്രീയനേതാവ്. നാട്ടുവൈദ്യനോ ഡോക്ടറോ ഒന്നുമല്ല ഹര്‍ഷകുമാര്‍ എന്നറിയുക. പക്ക രാഷ്ട്രീയക്കാരന്‍. പള്ളിയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പഴകുളം ആലുംമൂട് പെരുമന വീട്ടില്‍ പി.ബി ഹര്‍ഷകുമാര്‍.
നാല് നൂറ്റാണ്ടുകളായി തന്റെ അമ്മയുടെ കുടുംബത്തില്‍ അതീവ ശ്രദ്ധയോടുകൂടി തയ്യറാക്കിവന്ന സിദ്ധൗഷധത്തിന്റെ നിര്‍മ്മാണ രഹസ്യം അടങ്ങിയ താളിയോലയുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരന്‍ ഹര്‍ഷകുമാറാണ്. കച്ചവട മനസ്ഥിതിയില്ലാതെ ആവശ്യക്കാര്‍ക്ക് ഈ എണ്ണ നിര്‍മ്മിച്ചുനല്‍കാന്‍ രാഷ്ട്രീയ തിരക്കുകള്‍ക്ക് ഇടയിലും ഹര്‍ഷകുമാര്‍ സമയം കണ്ടെത്തുന്നു.
നാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആദിക്കാട്ടുകുളങ്ങര കിഴക്കേക്കര കുടുംബത്തിലെ ഒരംഗത്തിന് വിട്ടുമാറാത്ത തലവേദന വന്നു. അന്നത്തെ നാട്ടുരീതി അനുസരിച്ചുള്ള പലചികിത്സകളും ചെയ്തെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കുടുംബത്തിലെ ഒരു കാരണവര്‍ തന്റെ പറമ്പില്‍ ചുറ്റിനടന്ന് കുറെ ഔഷധസസ്യങ്ങള്‍ ശേഖരിച്ച് ഇടിച്ചുപിഴിഞ്ഞ് എണ്ണതയ്യാറാക്കി രോഗിയുടെ തലയില്‍ പുരട്ടി. അത്ഭുതം,കുറച്ച് ദിവസത്തെ ഉപയോഗത്തിന് ശേഷം തലവേദനപൂര്‍ണ്ണമായും മാറി. കാരണവര്‍ എണ്ണതയ്യാറാക്കിയതിന്റെ നിര്‍മ്മാണരഹസ്യം താളിയോലകളില്‍ രേഖപ്പെടുത്തി തന്റെ പിന്‍മുറക്കാരെ എല്‍പ്പിച്ചു. ഇനിയും നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ തലവേദന വന്നാല്‍ ഇത് നോക്കി എണ്ണ തയ്യാറാക്കി നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു.
നാല് നൂറ്റാണ്ടുകള്‍ക്കു ശേഷം തലസ്ഥാനനഗരിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥക്ക് പതിവായി തലവേദന. ഓഫീസില്‍ വന്നാലും തലകുമ്പിട്ടിരിക്കാനേ കഴിയു. ഇംഗ്ലീഷ് മരുന്നുകള്‍ എല്ലാം പരീക്ഷിച്ച് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത അവസ്ഥയില്‍ ഒരു സഹപ്രവര്‍ത്തക ഒരു മരുന്ന് എഴുതി തരാമെന്ന് പറഞ്ഞ് ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ എഴുതി നല്‍കി. ഉദ്യോഗസ്ഥ ഈ നമ്പരില്‍ വിളിച്ച് വിവരം പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് ഒരു കുപ്പി എണ്ണയും ഉപയോഗിക്കേണ്ട വിധം അടങ്ങിയ ഒരു കുറിപ്പും തപാലില്‍ കിട്ടി. ഒരു മാസം കഴിഞ്ഞ് ഉദ്യോഗസ്ഥ ഈ നമ്പരിലേക്ക് വീണ്ടും വിളിച്ചു. നന്ദി അറിയിക്കാന്‍. അസുഖം മാറി.ഈ ഫോണ്‍ നമ്പര്‍ ഹര്‍ഷകുമാറിന്റേതായിരുന്നു.
പെരുമന ഹെര്‍ബല്‍സിന്റെ ”ബ്രഹ്മികേശലേപ്” ആണ് ഈ എണ്ണയുടെ പേര്. വിട്ടുമാറാത്ത തലവേദന(മൈഗ്രേന്‍)കൈ-കാല്‍ മുട്ടുവേദന, നടുവേദന, പല്ലുവേദന, താരന്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്കും ഈ എണ്ണ അത്യുത്തമം ആണെന്ന് ഹര്‍ഷകുമാര്‍ പറയുന്നു. അനുഭവസ്ഥര്‍ പറഞ്ഞറിഞ്ഞ് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ എണ്ണതേടി ഹര്‍ഷകുമാറിന്റെ വീട്ടിലെത്തുന്നു. ബേബി കെയര്‍ ഓയില്‍, ജോയന്റ് ഫ്രീ ഓയില്‍, മൈഗ്രെയ്ന്‍ ഫ്രീ ഓയില്‍ എന്ന പേരുകളില്‍ വിവിധ പ്രായക്കാര്‍ക്ക് പ്രത്യേകം എണ്ണ നിലവില്‍ ലഭ്യമാണ്. വന്‍കിട ആയൂര്‍വേദ കമ്പനികള്‍ ഈ എണ്ണയുടെ നിര്‍മ്മാണ രഹസ്യം തേടി ലക്ഷങ്ങളുടെ വാഗ്ദാനവുമായി ഹര്‍ഷകുമാറിനെ സമീപിച്ചപ്പോള്‍ പറ്റില്ലെന്ന് തീര്‍ത്തും പറഞ്ഞു. വിതരണ അവകാശം നല്‍കാന്‍ പറഞ്ഞു. അതിനും വഴങ്ങിയില്ല, ലാഭക്കൊതിയാല്‍ വ്യവസായികമായി ഉത്പാദനം ആരംഭിച്ചാല്‍ ഇതിന്റെ ഗുണമേന്മ നഷ്ടപ്പെടും എന്നതിനാല്‍ ഹര്‍ഷകുമാര്‍ ഇത്തരം പ്രലോഭനങ്ങള്‍ക്കു തെല്ലും വഴങ്ങിയില്ല.
25ല്‍ അധികം ആയുര്‍വേദ ഔഷധസസ്യങ്ങള്‍ ഉരലില്‍ ഇടിച്ച് പിഴിഞ്ഞ് എട്ടുപേര്‍ 60 മണിക്കൂര്‍ തുടര്‍ച്ചയായി നടത്തുന്ന അധ്വാനത്തിലൂടെയാണ് എണ്ണ തയ്യറാക്കുന്നത്.ഒരു മാസം 180-200-ലീറ്റര്‍ മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. യന്ത്രസംവിധാനമോ പരസ്യമോ ഒന്നും ഇല്ലാത്തത് എണ്ണയുടെ വിശ്വാസ്യത ഇന്നും നിലനിര്‍ത്തുന്നു. ഉല്‍പാദന ചെലവ് മാത്രമാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നത്.
വ്യാജ വൈദ്യന്മാരും യഥാര്‍ഥ ഔഷധങ്ങളുടെ പേര് കാട്ടി മായം കലര്‍ത്തി വിറ്റ് ലാഭമുണ്ടാക്കുന്ന ‘ആയുര്‍വേദ’ മരുന്നു കമ്പനിക്കാരും മതപരിവേഷം കാട്ടി ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജസിദ്ധന്മാരും സ്വാമിമാരും ഉള്ള നമ്മുടെ നാട്ടില്‍ ഹര്‍ഷകുമാറിനെ പോലെയുള്ള വ്യക്തിത്വങ്ങളെ നാം പ്രോത്സാഹിപ്പിക്കുക തന്നെ വേണം.
Your comment?