പത്തനംതിട്ട:പ്രളയത്തെ പേടിക്കാതെ ഈ മഴക്കാലത്ത് റീബില്‍ഡ് കേരള പദ്ധതിയില്‍ നിര്‍മിച്ച പുതിയ വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങാമെന്ന ആശ്വാസത്തിലാണ് തോമസും കുടുംബവും. മഹാപ്രളയത്തില്‍ തന്റെ വീട് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ തോമസ് ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയിരുന്നു. എന്നാല്‍, ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സുമനസുകളുടെയും സഹായത്തോടെ പ്രളയത്തില്‍ തകര്‍ന്നു പോയതെല്ലാം തിരിച്ചു പിടിച്ചിരിക്കുകയാണ് റാന്നി അങ്ങാടി വില്ലേജിലെ കൈപ്പുഴമട്ടല്‍ തോമസും ഭാര്യ ഏലിയാമ്മയും. കൂലിപ്പണിക്കാരനായ തോമസും കുടുംബവും വര്‍ഷങ്ങളായി കൈവശരേഖ മാത്രമുള്ള ഭൂമിയില്‍ റാന്നി ഉപാസന കടവിലാണ് താമസിച്ചിരുന്നത്.
കാലവര്‍ഷത്തിലെ ചെറിയ മഴയില്‍ പോലും ഇവിടെ വെള്ളം കയറാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു. അടുത്തുള്ള ഉപാസന തീയേറ്ററിന് മുകളില്‍ അഭയം പ്രാപിച്ച ഇവരെ രക്ഷാപ്രവര്‍ത്തകര്‍ എം എസ് ഹൈസ്‌കൂളിലെ ക്യാമ്പില്‍ എത്തിച്ചു. എട്ടു ദിവസങ്ങള്‍ക്കു ശേഷം തുണ്ടത്തില്‍ പള്ളിയിലെ ക്യാമ്പിലെ ഒരു മാസത്തെ ജീവിതം. പിന്നീട് എന്തു ചെയ്യണമെന്നറിയാതെ കഴിയവേയാണ് സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ നാലു ലക്ഷം രൂപ ഭവന നിര്‍മാണത്തിന് ലഭിക്കുമെന്ന് അറിഞ്ഞത്. ഒപ്പം പലരുടെയും സഹായവും ലഭിച്ചപ്പോള്‍ സ്ഥലം വാങ്ങി വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഞ്ചു മാസം വാടക വീട്ടില്‍ കഴിഞ്ഞ ശേഷം ഫെബ്രുവരി മാസത്തില്‍ പുതിയ വീട്ടില്‍ താമസം ആരംഭിച്ചു.
നിര്‍മാണം ആരംഭിച്ചു രണ്ടു മാസം കൊണ്ട് പുതിയ വീട്ടില്‍ താമസമാരംഭിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് തോമസിന്റെ ഭാര്യ ഏലിയാമ്മ പറഞ്ഞു. സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ് ഭൂമിയിലാണ് 545 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. രണ്ടു മുറി, അടുക്കള, ഹാള്‍, ശുചിമുറി എന്നിവയാണ് വീട്ടിലെ സൗകര്യങ്ങള്‍. ജീവിതം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നാണ് ഈ അറുപതുകാരനെയും ഭാര്യയെയും സംസ്ഥാന സര്‍ക്കാര്‍ കൈപിടിച്ച് ഉയര്‍ത്തിയത്.
Your comment?