പത്തനംതിട്ട :കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രുചിമേളം ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും തുടങ്ങി. പ്രവേശനം സൗജന്യമാണ്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ അഡ്വ.ഗീതാ സുരേഷ് നിര്‍വഹിച്ചു. ഉത്പന്ന വിപണന മേളയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ. സഗീര്‍ നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലറും മുന്‍ സി ഡി എസ് ചെയര്‍പേഴ്സണുമായ അംബികാ വേണു ഏറ്റുവാങ്ങി. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഈമാസം 14 വരെയാണ് രുചിമേളം സംഘടിപ്പിച്ചിട്ടുള്ളത്.
കലര്‍പ്പില്ലാതെയും മായം കലരാതെയും തയാറാക്കുന്ന രുചികരമായ ഭക്ഷണ വസ്തുക്കളോടൊപ്പം ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ ഉത്പാദിപ്പിച്ച മൂല്യവര്‍ധിത ഭക്ഷണ പദാര്‍ഥങ്ങളുടെയും നാടന്‍ ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വിവിധ ഇനം ഭക്ഷണ പദാര്‍ഥങ്ങളാണ് അവതരിപ്പിക്കുക. വൈവിധ്യമാര്‍ന്ന ബീഫ്, ചിക്കന്‍ വിഭവങ്ങളാണ് ഭക്ഷ്യ മേളയിലെ ആകര്‍ഷണം. നാലു ദിവസവും ഉച്ചയ്ക്ക് ഊണ്, ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവ ലഭിക്കും.
ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങളാണ് മറ്റൊരു ആകര്‍ഷണം. കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ ഉണ്ടാക്കിയ കലര്‍പ്പില്ലാത്ത അച്ചാറുകളും പലഹാരങ്ങളും മേളയില്‍ ലഭിക്കും. ഭക്ഷ്യ സംസ്‌കാരത്തെ ആരോഗ്യ പൂര്‍ണമാക്കുക, ജനങ്ങളെ ബോധവത്കരിക്കുക, കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടുക, ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു പറഞ്ഞു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജാസിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ സജി കെ.സൈമണ്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ റോസ്ലിന്‍ സന്തോഷ്, സജിനി മോഹന്‍, അന്‍സാര്‍ മുഹമ്മദ്, സസ്യ സജീവ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എസ്.സീമ, മണികണ്ഠന്‍, കെ.എച്ച്.സലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?