എലിപ്പനിക്കും ഡങ്കിപ്പനിക്കുമെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Editor

പത്തനംതിട്ട:ജില്ലയുടെ പല ഭാഗത്തും എലിപ്പനിയും ഡങ്കിപ്പനിയും കൂടുതലായി കാണുന്നതിനാല്‍ ഇതിനെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് ഡങ്കിപ്പനി. നാലുതരം ഡങ്കിവൈറസുകള്‍ രോഗമുണ്ടാക്കും. പലപ്പോഴും ആദ്യ രോഗബാധ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. ഒരു പ്രാവശ്യം ഡങ്കിപ്പനി ബാധിച്ചയാള്‍ക്ക് മറ്റൊരുതരം ഡങ്കി വൈറസ് ബാധിച്ചാല്‍ അതീവ ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പനി ലക്ഷണം കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. ഡങ്കിപ്പനി പരിശോധനാ സൗകര്യവും ചികിത്സാ സൗകര്യവും എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും. വീടിനുള്ളിലും പരിസരത്തുമുള്ള കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണ് ഡങ്കിപ്പനിബാധ തടയാനുള്ള ശാശ്വതപരിഹാരം.

എലിപ്പനി രോഗം ബാധിച്ച എലി, പൂച്ച, കന്നുകാലികള്‍, പട്ടി, ആട് തുടങ്ങിയ ജീവികളുടെ മൂത്രത്തില്‍ കൂടി എലിപ്പനി രോഗാണു പുറത്തുവരും. ഇവ മണ്ണിലും വെള്ളത്തിലും ദിവസങ്ങളോളം നശിക്കാതെ കാണും. ഈ രോഗാണുക്കള്‍ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ നേര്‍ത്ത പോറലുകളില്‍ കൂടിയും മുറിവുകളില്‍ കൂടിയും രോഗാണു ശരീരത്തിലെത്തും. മുറിവുകളില്ലെങ്കില്‍ കൂടി കാലുകളുടെ വിരലുകള്‍ക്കിടയിലെ കട്ടികുറഞ്ഞ തൊലി, കണ്ണിനും മൂക്കിനും ഉള്ളിലെ കട്ടി കുറഞ്ഞ തൊലി എന്നീ ഭാഗങ്ങള്‍ തുളച്ച് രോഗാണുവിന് ശരീരത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കും. രോഗണു കലര്‍ന്ന ആഹാര സാധനം കഴിക്കുക, വെള്ളം കുടിക്കുക എന്നിവ വഴിയും രോഗാണു ഉള്ളിലെത്തും. കണ്ണിന് മഞ്ഞനിറം, പേശീവേദന, നേത്രഗോളത്തിന് പിന്നില്‍ നിന്നുണ്ടാകുന്ന തലവേദന, പനി, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണം. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ എലിപ്പനിക്കുള്ള ശരിയായ ചികിത്സ ലഭ്യമായാല്‍ രോഗശമനം സാധ്യമാണ്. ഇതിനുള്ള മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. കണ്ണിന് മഞ്ഞനിറം ഒരു രോഗലക്ഷണമാകയാല്‍ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ശരിയായ എലിപ്പനി രോഗ ചികിത്സ സ്വീകരിക്കാത്തത് രോഗം മൂര്‍ഛിക്കുന്നതിനും മരണത്തിനും കാരണമാകാം.

പാടത്തും പറമ്പിലും എലിമൂത്രം കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള പ്രവൃത്തി ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ എലിപ്പനിക്കെതിരായ മുന്‍കരുതല്‍ ചികിത്സ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിനുള്ള ഗുളികകളും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സൗജന്യമായി ലഭിക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : പത്തനംതിട്ട ജില്ലയില്‍ ചികില്‍സ ലഭിക്കുന്ന ആശുപത്രികള്‍

വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കുടുംബശ്രീ രുചിമേളം തുടങ്ങി

Your comment?
Leave a Reply