കുളനട ;സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി കുളനട ഗ്രാമപഞ്ചായത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കുളനട ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണും മുന്‍ എം.പിയുമായ ടി.എന്‍.സീമ പഞ്ചായത്തുതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു.
ശുചിത്വ മികവിന്റെ കാര്യത്തിലും മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ കാര്യത്തിലും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുളനട ഗ്രാമപഞ്ചായത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ്. മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നും മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ ആവശ്യകത എന്തെന്നും ടി.എന്‍ സീമ വിശദീകരിച്ചു.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടന്ന ചടങ്ങില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് ബദലായി പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബൊക്കെയും മറ്റും വളരെ ശ്രദ്ധേയമായി. കുളനടയെ തീര്‍ത്തും മാലിന്യ മുക്തമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റും നിരോധിക്കുകയും പഞ്ചായത്തിലെ എല്ലാ ചടങ്ങിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ അച്യുതന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, സി.രാധാകൃഷ്ണന്‍, സെക്രട്ടറി ശ്രീ.മനോജ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.പോള്‍ രാജന്‍, ശ്രീ.കെ.ആര്‍.ജയചന്ദ്രന്‍ എം.എസ്.സുരേഷ്, പി.ആര്‍.മോഹന്‍ദാസ്, പഞ്ചായത്ത് പ്രതിനിധികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?