ആറന്മുള : ആറന്‍മുള നിയോജകമണ്ഡലത്തിലെ പ്രളയബാധിതരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ വീടു നിര്‍മിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്ന സാനിട്ടറി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. വാഷ് ബേസിന്‍, ക്ലോസറ്റ്, അവയുടെ ഫിറ്റിംഗുകള്‍ മുതലായവയാണ് വിതരണം ചെയ്യുന്നത്. റവന്യു വകുപ്പില്‍ നിന്നും വീടു നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപ വീതം ധനസഹായം ലഭിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്.
ആറന്മുള പ്രദേശത്ത് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത തിരുവനന്തപുരം ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ആര്‍ക്കിടെക്റ്റ്സ് സെന്ററാണ് ഹിന്‍ഡ്വെയര്‍ കമ്പനിയുടെ കമ്യൂണിറ്റി സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ആറന്മുള നിയോജക മണ്ഡലത്തില്‍ ലഭ്യമാക്കിയത്. ജില്ലാ ലൈഫ് മിഷന്റെ സഹകരണത്തോടെ ആറന്മുള നിയോജകമണ്ഡലത്തിലെ 200 വീടുകള്‍ക്കാണ് സൗജന്യമായി സാനിട്ടറി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ടൗണ്‍ഹാളിലും ബാക്കിയുള്ള പഞ്ചായത്തുകളില്‍ ആളുകള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യാര്‍ഥം വിവിധ കേന്ദ്രങ്ങളിലുമായാണ് ഇവയുടെ വിതരണം നടക്കുക. ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?