പത്തനംതിട്ട: മാലിന്യസംസ്‌കരണ രംഗത്ത് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മാതൃകയാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മലിനീകരണം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് വളരെ പ്രാധാന്യത്തോടെയാണ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ആയത് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടിയന്തിരമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ അതിനുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും കളക്ടര്‍ പറഞ്ഞു.
ജലസംരക്ഷണ നിയമം 1974, വായുസംരക്ഷണ നിയമം 1981, പ്രകൃതി സംരക്ഷണനിയമം 1986, ഖരമാലിന്യ സംസ്‌കരണനിയമം 2016, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ നിയമം 2016 തുടങ്ങി മലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപന തലത്തില്‍ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ മുഖേനയുള്ള മാലിന്യശേഖരണം ഉണ്ടായിരിക്കണം. ഖരമാലിന്യസംസ്‌കരണത്തിന് വീടുകളിലും പൊതുസ്ഥലങ്ങളിലും ആവശ്യാനുസരണം സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതും പുറന്തള്ളപ്പെടുന്ന മലിനജലം ഉള്‍പ്പടെയുള്ള ദ്രവമാലിന്യത്തിന് സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുമാണ്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഈ വിഷയങ്ങള്‍ അടുത്ത കമ്മിറ്റി യോഗങ്ങളില്‍ അജണ്ടയായി ചര്‍ച്ച ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശാനുസരണം ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും മാതൃകസ്ഥാപനങ്ങളായി കുളനട, തുമ്പമണ്‍, ആറന്മുള എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മൂന്ന് ഗ്രാമപഞ്ചായത്തുകളും വരുന്ന ആറ് മാസങ്ങള്‍ക്കകം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അടുത്ത ആറ് മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ തദേശസ്വയംഭരണസ്ഥാപനങ്ങളും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം പാലിച്ചിരിക്കണം. ജൂലൈ 12 ന് മുന്‍പായി എല്ലാ സ്ഥാപനങ്ങളും ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം.
മാലിന്യസംസ്‌കരണരംഗത്ത് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ ധനസ്രോതസുകളെക്കുറിച്ചും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍ വിശദീകരിച്ചു. തുടര്‍ന്ന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഷയാവതരണം നടത്തി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ മൂന്ന് മാതൃക പഞ്ചായത്തുകളിലേയും ജലാശയങ്ങളും പൊതുസ്ഥലങ്ങളും പരിശോധിച്ച് മലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട മാലിന്യസംസ്‌കരണ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ദ്വൈവാര യോഗങ്ങള്‍ നടത്തും.
യോഗത്തില്‍ എഡിഎം അലക്സ് പി.തോമസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജി.ആര്‍.ബില്‍കുല്‍, കുളനട, തുമ്പമണ്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Your comment?