അടൂര്‍: ജിയോളജി വകുപ്പ് നല്‍കുന്ന പാസില്‍ സമയം തിരുത്തി അനധികൃത മണ്ണു കടത്തുന്ന സംഘം അടൂരില്‍ സജീവം. പള്ളിക്കല്‍, കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിലാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാസിലെ സമയം തിരുത്തി അതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ കൂടുതല്‍ മണ്ണാണ് കടത്തുന്നത്. കായംകുളത്തേക്കെന്ന് പറഞ്ഞാണ് മണ്ണ് കടത്തുന്നത്. പാസ് പലതവണ തിരുത്തി ഒരു ലോഡിനു പകരം ഒന്നിലേറെ തവണ മണ്ണു കടത്തുന്നതാണ് പതിവ്. ഇതില്‍ ചിലതു മാത്രമാണ് പൊലീസ് പിടിക്കപ്പെടുന്നത്.
എന്നാല്‍ പാസ് നല്‍കിയതിനു ശേഷം എത്രത്തോളം മണ്ണ് എടുത്തു എന്നത് സംബന്ധിച്ചുള്ള പരിശോധന കാര്യക്ഷമമല്ല.പാസ് തിരുത്തി മണ്ണു കടത്തിയ ലോറി ഇന്നലെ നെല്ലിമുകള്‍ മലങ്കാവ് ഭാഗത്തു നിന്ന് പൊലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. മലങ്കാവ് ഭാഗത്തു നിന്ന് മണ്ണെടുക്കുന്നതിന് നല്‍കിയ പാസില്‍ സമയം തിരുത്തി മണ്ണടിച്ചു കൊണ്ടിരുന്ന ലോറിയാണ് പിടികൂടിയത്. കായംകുളം നടയില്‍ കിഴക്കേതില്‍ തുഷാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, സിപിഒമാരായ ആര്‍. ബിജു, എസ്. ശരത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണ്ണു കടത്തിയ ലോറി പിടികൂടിയത്.
Your comment?