കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് പൊലിക്കോട് വയയ്ക്കലില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ബസും ലോറിയും പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കൊട്ടാരക്കര-ആയൂര്‍ റൂട്ടിലായിരുന്നു സംഭവം. ഈ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഡ്രൈവര്‍മാര്‍ക്കും മറ്റ് 9 പേര്‍ക്കും പരുക്കേറ്റതായാണു പ്രാഥമിക വിവരം. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കിളിമാനൂര്‍ ഡിപ്പോയുടെ കീഴിലുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ ഡ്രൈവര്‍ കാരേറ്റ് സ്വദേശി പ്രകാശിന് (50) പൊള്ളലേറ്റു. കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീമിന്റെ (41) തലയ്ക്ക് പരുക്കുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ പൊള്ളല്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 30 ശതമാനത്തില്‍ താഴെ മാത്രമാണു പൊള്ളലുള്ളത്. ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ മാത്രം പരുക്കേറ്റവരെ ബേണ്‍സ് ഐസിയുവിലേക്കു മാറ്റാനാണു തീരുമാനം.
Your comment?