ക്യൂവിലേയ്ക്കു മാറ്റിയ 19.10 കോടി രൂപയില്‍ 18.65 കോടി രൂപയും മാറി; ബാക്കി 45 ലക്ഷം രൂപ മാത്രം ജില്ലാപഞ്ചായത്തിന്റെ ഫണ്ട് സര്‍ക്കാര്‍ അടിച്ചുമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതം: മന്ത്രി ഡോ.തോമസ് ഐസക്
പത്തനംതിട്ട:പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുവിഹിതം സര്‍ക്കാര്‍ അടിച്ചുമാറ്റിയെന്ന ആരോപണം രാഷ്ട്രീയദുഷ്ടലാക്ക് വച്ചുള്ള അസംബന്ധ പ്രചാരണമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. കോന്നി ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ആരോപണത്തിനു പിന്നില്‍. ഫേയ്സ്ബുക് പോസ്റ്റ് ഇപ്രകാരം: രണ്ടു പ്രശ്നങ്ങളാണ് വാര്‍ത്തയില്‍ പറയുന്നത്. ഒന്ന്, ട്രഷറിയില്‍ ബില്ലു സമര്‍പ്പിച്ചിട്ടും പണം ലഭ്യമായില്ല. രണ്ട്, ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് 63 കോടി രൂപ തിരിച്ചെടുത്തു.
രണ്ടു പ്രശ്നങ്ങളും വിശദമായി പരിശോധിച്ചു.
കഴിഞ്ഞ വര്‍ഷം വിവിധ വകുപ്പുകളുടെ പദ്ധതികളില്‍ 20 ശതമാനം കുറവു വരുത്തി പ്രളയച്ചെലവുകള്‍ക്കുവേണ്ടി നീക്കിവയ്ക്കേണ്ടി വന്നപ്പോഴും തദ്ദേശഭരണ പദ്ധതികളില്‍ ഒരു വെട്ടിക്കുറവും വരുത്തിയിരുന്നില്ല. മാര്‍ച്ച് 31 ന് മുമ്പ് തദ്ദേശഭരണ പദ്ധതിയുടെ 85 ശതമാനം പണവും ട്രഷറിയില്‍ നിന്നും നല്‍കി. ട്രഷറിയില്‍ ബില്ല് സമര്‍പ്പിച്ചിട്ടും പണം നല്‍കാതെ ക്യൂവില്‍ ഉണ്ടായിരുന്നത് 837 കോടി രൂപയുടെ ബില്ലുകളാണ്. അതില്‍ 808 കോടി രൂപ ട്രഷറിയില്‍ നിന്നും ഈ ധനകാര്യ വര്‍ഷത്തില്‍ മാറി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 29 കോടി രൂപ ബില്ലുകള്‍ റീവാലിഡേറ്റ് ചെയ്ത് സമര്‍പ്പിച്ചാല്‍ ഉടന്‍ നല്‍കുന്നതിന് യാതൊരു തടസവുമില്ല. അപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിനെ തിരഞ്ഞു പിടിച്ച് എന്തോ ചെയ്തുവെന്ന ആരോപണത്തില്‍ എന്തു കഴമ്പുണ്ട്?
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 19.10 കോടി രൂപയുടെ ബില്ലുകളാണ് മാര്‍ച്ച് അവസാനം ക്യൂവിലേയ്ക്കു മാറ്റിയത്. അതില്‍ 18.65 കോടി രൂപയും ഇതിനകം മാറിയിട്ടുണ്ട്. വെറും 45 ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. നടപടിക്രമം പാലിക്കുന്നതനുസരിച്ച് മാറും. ഇനി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് 63 കോടി രൂപ തിരിച്ചെടുത്തുവെന്ന ആരോപണം. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഈ തുക കുറവുവരുമെന്നും അതുമൂലം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമൊക്കെയാണ് ആരോപണം. ഇത് ശുദ്ധ അസംബന്ധമാണ്.
സ്പില്‍ ഓവര്‍ മൂലം ക്യൂവിലേയ്ക്ക് മാറിയത് 19.10 കോടി രൂപയാണെന്ന് പറഞ്ഞുവല്ലോ. ഈ സാമ്പത്തികവര്‍ഷം 20 ശതമാനം സ്പില്‍ ഓവര്‍ അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും പഞ്ചായത്തിന്റെ ക്യൂവിലേയ്ക്ക് മാറ്റിയ ബില്ലുകളുടെ ആകെത്തുക അനുവദനീയമായ സ്പില്‍ ഓവര്‍ തുകയെക്കാള്‍ കൂടുതലാണെങ്കില്‍, അക്കാര്യം സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സ്പില്‍ ഓവര്‍ അര്‍ഹത 17 കോടി രൂപയാണ്. ബാക്കി രണ്ടു കോടിയാണ് അവശേഷിക്കുന്നത്. ക്യൂവിലുള്ള ബില്ലുകള്‍ ഈ വര്‍ഷത്തെ പദ്ധതി അലോക്കേഷനില്‍ നിന്നാണല്ലോ നല്‍കുന്നത്. നിയമപരമായി അങ്ങനെ കഴിയൂ. ഈ വര്‍ഷത്തെ പദ്ധതി ഡിസംബര്‍ മാസത്തില്‍ തയാറാക്കി കഴിഞ്ഞതിനാല്‍ പണം തികയാതെ വരുമെന്നാണ് ആശങ്ക. ഇത് അടിസ്ഥാനരഹിതമാണ്. 20 ശതമാനം അടങ്കല്‍ വര്‍ധിപ്പിച്ചുകൊണ്ട് പദ്ധതി റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ക്യൂവിലുണ്ടായിരുന്ന ബില്ലുകളുടെ തുക ഇവിടെ ഉള്‍പ്പെടുത്തിയാല്‍ മതി. ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും 20 ശതമാനം വര്‍ധന ഇതിനു മതിയാകും. കൂടുതല്‍ തുകകള്‍ ക്യൂവില്‍ ഉണ്ടായിരുന്ന ജില്ല പഞ്ചായത്ത്, കോര്‍പ്പറേഷനുകള്‍കളുടെ ക്യാരിഓവര്‍ തുക 30 ശതമാനമാണ്. ഇതുകൊണ്ടും തികയാതെ വന്നാല്‍ ഇത്തരം കേസുകള്‍ പ്രത്യേകമായി പരിഗണിക്കാമെന്നും നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു.
സ്പില്‍ഓവറടക്കം അടുത്ത വര്‍ഷത്തേയ്ക്കുവേണ്ടി അധിക തുക അനുവദിക്കണം എന്നാണല്ലോ ആവശ്യം. യുഡിഎഫ് ഭരണസമിതിയാണല്ലോ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന്റെ ഭരണകാലത്ത് ഏതെങ്കിലും കാലത്ത് സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ക്ക് അധിക പണം അനുവദിച്ചിട്ടുണ്ടോ? എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണകാലത്ത് കൊണ്ടുവന്ന ക്യാരിഓവര്‍ സമ്പ്രദായംപോലും അവര്‍ നിര്‍ത്തലാക്കുകയാണ് ചെയ്തത്. ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് നടപ്പിലാക്കിയ ധനവിന്യാസ സമ്പ്രദായത്തിന് രണ്ട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആദ്യത്തേത്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പണം നാല് ഗഡുക്കളായി അഡ്വാന്‍സായി നല്‍കും. അത് അവരുടെ പ്ലാന്‍ പി.ഡി അക്കൗണ്ടിലിട്ട് ആവശ്യാനുസരണം ചെലവഴിക്കുകയാണ് പതിവ്. രണ്ടാമതായി, 20 ശതമാനം ക്യാരിഓവറായി അംഗീകരിക്കപ്പെട്ടു. 80 ശതമാനത്തില്‍ താഴെ പണം ചെലവഴിച്ചവര്‍ക്ക് ആ കുറവു വന്ന തുക നഷ്ടപ്പെടും. ബാക്കിയുള്ളവ 20 ശതമാനം ക്യാരിഓവറില്‍ ഉള്‍പ്പെടുത്താം. അതായത് 20 ശതമാനം തുകയ്ക്കുള്ള സ്പില്‍ഓവര്‍ പദ്ധതികള്‍ അടുത്ത വര്‍ഷവും അവര്‍ക്ക് തുടര്‍ന്ന് നടത്താം.
2003 ല്‍ യുഡിഎഫ് ഈ സമ്പ്രദായം അവസാനിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പണം അഡ്വാന്‍സായി നല്‍കുന്നതിനു പകരം മറ്റു ഡിപ്പാര്‍ട്ട്മെന്റുകള്‍പോലെ ബില്ലുകള്‍ സമര്‍പ്പിച്ച് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്ന സമ്പ്രദായം കൊണ്ടുവന്നു. മാര്‍ച്ച് 31 ന് ചെലവാകാത്ത പണം പൂര്‍ണമായും ലാപ്സാവുകയും ചെയ്യുന്നു. നിലവില്‍ അക്കൗണ്ടിലുണ്ടായിരുന്ന 2000 കോടിയോളം രൂപ തിരിച്ചെടുത്തു. സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ക്കുള്ള ക്യാരിഓവര്‍ അവസാനിപ്പിക്കുകയും ചെയ്തു. 2006 ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അലോട്ട്മെന്റ് സിസ്റ്റം തിരികെ കൊണ്ടുവന്നു. പഞ്ചായത്തുകളുടെ പദ്ധതി മുന്‍കാലങ്ങളിലെപോലെ മാര്‍ച്ച് മാസം കഴിഞ്ഞാല്‍ സ്പില്‍ ഓവര്‍ തുടരുന്നതിനുള്ള അനുമതിയും ക്യാരിഓവര്‍ പണവും അനുവദിച്ചു. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ആദ്യ മൂന്നു വര്‍ഷം നിലവിലെ രീതി തുടര്‍ന്നു. 2013-14 ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആദ്യം കോടാലി വീണത് തദ്ദേശഭരണ സ്ഥാപനങ്ങളിന്‍മേലാണ്. അലോട്ട്മെന്റ് സമ്പ്രദായം അവസാനിപ്പിച്ച് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും പണം മാറിയെടുക്കുന്ന സമ്പ്രദായം പുനസ്ഥാപിച്ചു. ക്യാരിഓവറും അവസാനിപ്പിച്ചു. പക്ഷെ ബില്ലുകള്‍ ക്യൂവില്‍ വയ്ക്കേണ്ട ആവശ്യം വന്നില്ല. കാരണം മറ്റൊന്നുമല്ല. പദ്ധതി ചെലവ് 2014-15 ല്‍ 68 ശതമാനവും 2015-16 ല്‍ 73 ശതമാനവുമായിരുന്നു. നടപ്പാക്കാതെപോയ സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ക്ക് ക്യാരിഓവര്‍ ഇല്ലാത്തതിനാല്‍ അധികപണവും നല്‍കപ്പെട്ടില്ല.
എന്നാല്‍, ഇപ്പോള്‍ പദ്ധതി ചെലവ് 2017-18 ല്‍ 84 ശതമാനവും 2018-19 ല്‍ 85 ശതമാനവുമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ 837 കോടി രൂപയുടെ ബില്ലുകള്‍ ക്യൂവില്‍ വയ്ക്കേണ്ടിവന്നു. പാസാക്കാനുള്ളതിനേക്കാള്‍ അധികപണം ക്യാരിഓവറിലൂടെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് യാഥാര്‍ഥ്യം. പത്തനംതിട്ട ജില്ലയോട് സര്‍ക്കാരിന് ഒരു വിവേചനവുമില്ല. മറ്റെല്ലാ ജില്ലാ പഞ്ചായത്തുകള്‍ക്കുമുള്ള മാനദണ്ഡങ്ങള്‍ അവര്‍ക്കും ബാധകമാണ്. അത്തരത്തില്‍ത്തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും- ധനമന്ത്രി വ്യക്തമാക്കി.
Your comment?