കോന്നിയുടെ അടൂര്‍ പ്രകാശ് പടിയിറങ്ങി: ഇന്നു മുതല്‍ ആറ്റിങ്ങലിന്റെ പ്രകാശമായി അങ്ങ് ഡല്‍ഹിയിലുണ്ടാകും ഈ അടൂര്‍കാരന്‍

Editor
file photo

കോന്നി: ആത്മബന്ധത്തിന്റെ 23 പ്രകാശവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കോന്നിയുടെ അടൂര്‍ പടിയിറങ്ങി. ഇന്നു മുതല്‍ ആറ്റിങ്ങലിന്റെ പ്രകാശമായി അങ്ങ് ഡല്‍ഹിയിലുണ്ടാകും ഈ അടൂര്‍കാരന്‍
. 23 വര്‍ഷം തന്റെ പേരിനൊപ്പം വിളക്കി ചേര്‍ത്ത ബന്ധമായിരുന്നു അടൂരും കോന്നിയും തമ്മില്‍. 1996ല്‍ സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ കാലുകുത്തുമ്പോള്‍ കല്ലും മുള്ളും നിറഞ്ഞ കാട്ടുവഴികളായിരുന്നു കോന്നിയില്‍. ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്ലാതെ മണ്ഡലത്തില്‍ ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയെന്നാണ് പ്രകാശ് ഓര്‍മിക്കുന്നത്. 23 വര്‍ഷത്തിനു ശേഷം പടിയിറങ്ങുമ്പോള്‍ പ്രകാശിന് അഭിമാനിക്കാം, ചെറിയ മാരുതിക്കാറു പോലും കടന്നു ചെല്ലും കോന്നിയുടെ ഏതു ദിക്കിലും.

കോന്നി താലൂക്ക് യാഥാര്‍ഥ്യമാക്കിയത് അടൂര്‍ പ്രകാശാണ്. അടവി ഇക്കോ ടൂറിസം, വോളിബോള്‍ ദേശീയ അക്കാദമി, ഗജ വിജ്ഞാനോത്സവം, തിരുവതാംകൂര്‍ കയര്‍ നിര്‍മാണ ഫാക്ടറി, മണ്ഡലത്തിലെ ബിഎം ബിസി റോഡുകള്‍, പാലങ്ങള്‍, മിനി സിവില്‍ സ്റ്റേഷന്‍, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ഗവി വഴി കൊടൈക്കനാലിലേക്ക് പുതിയ പാത, താലൂക്ക് സപ്ലൈ ഓഫിസ്, ആധുനിക മീന്‍ ചന്ത, ഭക്ഷ്യ ഗവേഷണ കേന്ദ്രം, സ്മാര്‍ട് വില്ലേജ് ഓഫിസുകള്‍, മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സബ് ഡിപ്പോ, പട്ടയ മേള, സര്‍ക്കാര്‍ മൃഗാശുപത്രി ഉള്‍പ്പടെ കോന്നി എംഎല്‍എ കുപ്പായത്തിലെ വികസന നേട്ടങ്ങള്‍ പറയാനേറെ.

നിയമസഭയില്‍ അടൂര്‍ പ്രകാശിന്റെ അവസാന ശ്രദ്ധക്ഷണിക്കലും കോന്നിക്കു വേണ്ടിയായിരുന്നു. പണി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുറക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു ശ്രദ്ധക്ഷണിക്കലിലെ ആവശ്യം. അടൂര്‍ പ്രകാശ് ആരോഗ്യ മന്ത്രിയായിരിക്കുമ്പോഴാണ് കോന്നിയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചത്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനമോ കോളജ് തുടങ്ങാനുള്ള നടപടികളോ ഇനിയും എങ്ങുമെത്തിയിട്ടില്ല. ഇതിലുള്ള പ്രതിഷേധമായിരുന്നു അവസാന പ്രസംഗത്തിലുടനീളം.

കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രകാശിനെ ജനപ്രതിനിധിയാക്കിയതും മന്ത്രിയാക്കിയതുമെല്ലാം കോന്നിയാണ്. 1996ല്‍ ജയിച്ചതു 608 വോട്ടിന്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടേയുള്ളു കോന്നി. സോളര്‍ ആരോപണച്ചുഴിയില്‍ എതിരാളികള്‍ നാലുപാടും ആക്രമിച്ചപ്പോഴും കോന്നി നല്‍കിയത് 20,748 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐ നേതാവായിരുന്ന അടൂര്‍ കുഞ്ഞിരാമന്റെ ഏക മകന്‍ പ്രകാശ് തിരഞ്ഞെടുത്തതു കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. കൊല്ലം എസ്എന്‍ കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ സീനിയറായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പ്രകാശിന്റെ പേര് അടൂര്‍ പ്രകാശാക്കുന്നത്. ഈ പേരു പിന്നീടു ഗുണം ചെയ്യുമെന്ന ഉണ്ണിത്താന്റെ വാക്ക് എല്ലാ അര്‍ഥത്തിലും പൊന്നായി.

പ്രകാശും പേരിട്ട ഉണ്ണിത്താനും ഇത്തവണ ഒരുമിച്ച് ലോക്‌സഭയിലേക്കു പോകുന്നുവെന്നതാണ് മറ്റൊരു കൗതുകം. തന്റെ ഒരേ ഒരു മകന്‍ ഡോക്ടറായി കാണാനാണ് സഖാവ് കുഞ്ഞിരാമന്‍ ആഗ്രഹിച്ചത്. ആ മകന്‍ എംഎല്‍എ ആയി, മന്ത്രിയായി, ദാ എംപിയുമായി. വെറുതെ എംപിയായതല്ല, ഇടതിന്റെ ഉരുക്കു കോട്ടയില്‍ കയറിച്ചെന്നു സീറ്റ് പിടിച്ചെടുത്തതാണ്. എംപിയാകാന്‍ ആഗ്രഹിച്ച ആളല്ല പ്രകാശ്. അങ്ങനെയെങ്കില്‍ സുരക്ഷിതമായ മണ്ഡലം ചോദിച്ചു വാങ്ങാമായിരുന്നു. പാര്‍ട്ടിക്കു വേണ്ടി പൊരുതാന്‍ ഇറങ്ങിയതാണ്. ആ പോരാട്ടം ജയിച്ചു, പ്രകാശ് സ്വന്തം വിജയ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെ. സുരേന്ദ്രനിലൂടെ ബി.ജെ.പി അക്കൗണ്ട് തുറക്കുമോ?. ആന്റോ ആന്റണി ഹാട്രിക് അടിക്കുമോ? വീണാ ജോര്‍ജ് മണ്ഡലത്തിലെ ആദ്യ വനിത എം.പിയാകുമോ?

കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയില്‍ 3 സര്‍വീസുകള്‍ മുടങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ