
അടൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അടൂര്‍ അസംബ്ലി മണ്ഡലത്തില്‍. 76.71%മാണ് പോളിങ്. മണ്ഡലത്തില്‍ ആകെയുള്ള 2.02 ലക്ഷം വോട്ടര്‍മാരില്‍ 1.55 ലക്ഷം വോട്ടര്‍മാര്‍ വോട്ടു ചെയ്തു. ഇതില്‍ 71,221 പേര്‍ പുരുഷന്‍മാരും 84460 പേര്‍ സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ്.
പന്തളം, അടൂര്‍ നഗരസഭകളും തുമ്പമണ്‍, പന്തളം തെക്കേക്കര, കൊടുമണ്‍, പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളും ചേര്‍ന്നാണ് അടൂര്‍ അസംബ്ലി മണ്ഡലം.മണ്ഡലത്തിലെ കൊടുമണ്‍ പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 78.75% പേര്‍ വോട്ടു ചെയ്തു. കുറവ് തുമ്പമണ്‍ പഞ്ചായത്തിലാണ് 72.04%. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 2.19% പോളിങ് കൂടിയിട്ടുമുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.52% ആയിരുന്നു പോളിങ്.
തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ അടൂര്‍, പന്തളം നഗരസഭകളിലും, ആറു പഞ്ചായത്തുകളിലും എല്‍ഡിഎഫിനും തുമ്പമണ്‍ പഞ്ചായത്തില്‍ യുഡിഎഫിനുമായിരുന്നു മുന്‍ തൂക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ സ്ഥിതിയായിരുന്നു.എല്‍ഡിഎഫിലെ ചിറ്റയം ഗോപകുമാര്‍ 25116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. അന്ന് മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്. ഇക്കുറി ഇത് 8000-10,000മിടയില്‍ എത്തുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എല്‍ഡിഎഫ് 15000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയും മണ്ഡലത്തില്‍ മുന്നിലെത്തുമെന്ന കണക്കുക്കൂട്ടലിലാണ്.
Your comment?