എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ചിട്ടയോടെ അടൂരിലെ സ്വീകരണവേദികളില്‍

Editor

പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ ഇന്നലെ അടൂരിലെ സ്വീകരണവേദികളില്‍ കണ്ടത്. 10.15ന് അടൂര്‍ പെരിങ്ങനാട് ക്ഷേത്രക്കവലയില്‍ നിന്നായിരുന്നു ഇന്നലെ പര്യടന പരിപാടിക്ക് തുടക്കം. ചേന്നംപള്ളിലെത്തിയപ്പോള്‍ ആളും ആരവവും. 14-ാം മൈല്‍, പഴകുളം ജംക്ഷന്‍, ആലുംമൂട്, മേക്കുന്നുമുകള്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി.പള്ളിക്കല്‍ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥിയും സംഘവും പ്രവേശിച്ചപ്പോള്‍ സമയം 12. ഗ്രാമീണ റോഡിലൂടെ അരമണിക്കൂറിനുള്ളില്‍ തോട്ടുവയിലെത്തി.

സ്വീകരണങ്ങള്‍ക്കു ശേഷം നന്ദി പ്രസംഗത്തിന് ക്ഷണിച്ചപ്പോഴും സ്ഥാനാര്‍ഥിയുടെ മുഖത്ത് ഗൗരവഭാവം. മൈക്ക് വാങ്ങി ആമുഖമൊന്നുമില്ലാതെ പ്രസംഗിച്ചു തുടങ്ങി. അത് പ്രവര്‍ത്തകര്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. സ്ഥാനാര്‍ഥിയുടെ വാഹനത്തിനൊപ്പം സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാകണമെന്ന് അദ്ദേഹം കര്‍ശനമായി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുസരിച്ചായിരുന്നു പിന്നീട് പര്യടനം തുടര്‍ന്നത്.

തെങ്ങമം ക്ഷേത്ര ജംക്ഷനിലെത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ കാത്തു നില്‍ക്കുന്നു. അല്‍പം അകലെ തെങ്ങമം ജംക്ഷനിലാണ് സ്വീകരണ വേദിയെങ്കിലും സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ നിന്നിറങ്ങി. പ്രവര്‍ത്തകരുടെ തിരക്കിനിടയില്‍ എല്ലാവരെയും അഭിവാദ്യം ചെയ്ത് സ്ഥാനാര്‍ഥി നടന്നു നീങ്ങി. ഹാരാര്‍പ്പണം എണ്ണത്തില്‍ കവിഞ്ഞതോടെ, ഇനി മേയ് 23ന് മതി എന്ന സ്ഥാനാര്‍ഥിയുടെ സരസമായ നിര്‍ദേശം പ്രവര്‍ത്തകര്‍ കയ്യടിയോടെ സ്വീകരിച്ചു. രാഷ്ട്രീയം അല്‍പം കടുപ്പിച്ച്, പ്രസംഗത്തിന്റെ പതിവ് ശൈലി ഒന്ന് മാറ്റിയത് തെങ്ങമത്തെ വേദിയിലായിരുന്നു. ഇനിയുള്ള ദിവസങ്ങള്‍ പ്രവര്‍ത്തകര്‍ ജാഗ്രതയിലായിരിക്കണമെന്നും തന്നെ തോല്‍പ്പിക്കാന്‍ മുന്നണികള്‍ വോട്ട് മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിനു ശേഷം 3.30ന് മിത്രപുരത്ത് നിന്നാണ് പര്യടനം പുനരാരംഭിച്ചത്. സുശീലാ സന്തോഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎയുടെ പ്രചാരണ ഗാനങ്ങള്‍ നാടന്‍ പാട്ടിന്റെ ശൈലിയില്‍ കേള്‍ക്കുന്നുണ്ട്. ഒരു കോണില്‍ പത്തംഗ സംഘം നാസിക് ധോലില്‍ മേളം തിമിര്‍ക്കുന്നു. പര്യടനം തുടങ്ങാനുള്ള സമയമെത്തിയതോടെ ബിജെപി സംസ്ഥാന സമിതി അംഗം രാജീവ് രാജധാനി ഉദ്ഘാടകനായെത്തി. മഴയ്ക്കുള്ള മുന്നറിയിപ്പായി, മാനത്ത് കാറും കോളും കണ്ടതോടെ പ്രവര്‍ത്തകരില്‍ നിരാശ. സ്ഥാനാര്‍ഥി എത്തി സ്വീകരണവും പൂര്‍ത്തിയായപ്പോള്‍, മഴക്കോളും പിന്‍മാറി. ഹൈസ്‌കൂള്‍ ജംക്ഷന്‍ വഴി ഹോളി ക്രോസ് ആശുപത്രിക്ക് മുന്‍പിലെത്തിയപ്പോള്‍ മഴ തുടങ്ങി.

കരുവാറ്റയിലെ സ്വീകരണ സ്ഥലത്തെത്തിയപ്പോള്‍ തകര്‍പ്പന്‍ മഴ. എന്നിട്ടും, ആവേശം തണുത്തില്ല. സ്വീകരണത്തിന്റെ ചില ചിട്ടവട്ടങ്ങള്‍ ലഘൂകരിച്ചതൊഴിച്ചാല്‍ ധര്‍മപുരം, പന്നിവിഴ, വലിയകുളം, വയല, ചൂരക്കോട്,
നെല്ലിമുകള്‍,കടമ്പനാട്, മണ്ണടിതാഴം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ബിജെപി ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി സി.എച്ച്.ശരത്, സേതുകുമാര്‍, പി.സി.അജിത്, കൊട്ടേത്ത് കെ.എസ്.പ്രദീപ്, ജി.പൃഥിപാല്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പര്യടനം ഇന്ന് 8ന് പാലിയേക്കരയില്‍ തുടങ്ങും. ആല്‍ത്തറ, മുത്തൂര്‍, കുറ്റപ്പുഴ, ആമല്ലൂര്‍, മഞ്ഞാടി, മീന്തലക്കര, കറ്റോട്, ഇരുവള്ളിപ്ര, തിരുമൂലപുരം, കുറ്റൂര്‍ എന്നിവിടങ്ങളില്‍ നടക്കും. തുടര്‍ന്ന് റാന്നി മണ്ഡലത്തിലെ ചില ഭാഗങ്ങളിലും പ്രചാരണമുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പത്തനംതിട്ട ജില്ലാ ഓഫീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടിയ പോളിങ് അടൂര്‍ മണ്ഡലത്തില്‍

Your comment?
Leave a Reply