ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമരയും വിരിയും: ഐ.ബിയുടെ കണ്ടെത്തല്‍
തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെല്ലാം പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. മെയ് മാസം 23നാണ് ഫലം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമാകുകയുള്ളൂ. വോട്ടു പെട്ടിയിലായതോടെ കണക്കു കൂട്ടലുകളുമായി നീങ്ങുകയാണ് മുന്നണികള്‍. കോണ്‍ഗ്രസ് ആകട്ടെ ഇനി ഹിന്ദി മേഖലയില്‍ ബിജെപിയെ ശക്തമായി നേരിടാന്‍ രംഗത്തുണ്ട് താനും. പോസ്റ്റ് പോള്‍ ഫലങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതിനാല്‍ പലരും ഫലങ്ങള്‍ പുറത്തുവിടാനും കഴിയില്ല. ഇതോടെ അടിയൊഴുക്കുകള്‍ ഉണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ വോട്ടെണ്ണല്‍ ദിവസം വരെ കാത്തിരിക്കേണ്ടി വരും.
ഇതിനിടെ പതിവുപോലെ ഭരണക്കാരെ തൃപ്തിപ്പെടുത്തും വിധമുള്ള റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങളും രംഗത്തെത്തി. ഇതിനായി ഉദ്ധരിച്ചിരിക്കുന്നത് ആരും കാണാത്ത കേന്ദ്ര- സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളാണ്. റെക്കോര്‍ഡ് പോളിംഗാണ് ഇക്കുറി കേരളത്തില്‍ നടന്നത്. അതുകൊണ്ട് തന്നെയാണ് ഈ പോളിങ് ശതമാനം തോന്നിയതു പോലെ വ്യാഖ്യാനിച്ചാണ് പത്രവാര്‍ത്തകള്‍. കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുടെ റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത് കേരളാ കൗമുദിയാണ്. എല്‍.ഡി.എഫിന് നാല് സീറ്റുകള്‍ ലഭിക്കുമ്‌ബോള്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നതാണ് ഐ ബി റിപ്പോര്‍ട്ടെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
കേന്ദ്ര ഐബി മോദിയെ തൃപ്തിപ്പെടുത്തും വിധത്തില്‍ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നല്‍കുന്നുണ്ട്. അതേസമയം സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഇന്റലിജന്റ്സിന്റെ റിപ്പോര്‍ട്ട് മറിച്ചാണ് കണക്കുകള്‍ പറയുന്നത്. ഇന്റലിജന്‍സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകള്‍ ലഭിക്കുകയും അതേസമയം ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തുമില്ലെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
വയനാട്, മലപ്പുറം, പൊന്നാനി, കോട്ടയം എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും എറണാകുളത്ത് അവസാന നിമിഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവ് വിജയിക്കുമെന്ന വിധത്തിലാണ് റിപ്പോര്‍ട്ടെന്നാണ് കൗമുദിയുടെ വാര്‍ത്തകള്‍. ഇന്റലിജന്റ്സ് ബ്യൂറോയുടെ പേരില്‍ എന്തു നിലപാട് വേണമെങ്കിലും സ്വീകരിക്കാം എന്നതിനാല്‍ ആ വിധത്തിലാണ് പത്രവാര്‍ത്തകള്‍.
ശക്തമായ മത്സരം നടന്ന വടകരയില്‍ ബിജെപി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് മറിക്കുമെങ്കിലും ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കുമെന്ന സിപിഎം വാദം അനസരിച്ചാണ് ഇവിടത്തെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് യുഡിഎഫിന് മുന്‍തൂക്കം നല്‍കിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എല്‍ഡിഎഫിന് ഗുണം ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യുഡിഎഫ് വോട്ടായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ടെന്നാണ് കൗമുദി വാര്‍ത്ത.
എം പിയായിരിക്കെ താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. എന്നാല്‍ ശക്തമായ അടിയൊഴുക്കുണ്ടായാല്‍ ഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരാമെന്ന സൂചനയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളുന്ന രീതിയിലാണ് ഐ.ബിയുടെ കണ്ടെത്തലെന്നാണ് മാധ്യമ വാര്‍ത്തകള്‍. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തി ബിജെപി ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐ.ബിയുടെ കണ്ടെത്തല്‍. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നിവയാണ് എല്‍.ഡി.എഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കില്ലെന്ന വിചിത്രമായ കാര്യവും ഐബി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വാര്‍ത്ത.
Your comment?