കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണിയുടെ ഭൗതികദേഹം കോട്ടയം തിരുനക്കരയിലെത്തിച്ചു. തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയത് ആയിരങ്ങളാണ്. എരണാകുളത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്ന വഴിനീളെ നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയതോടെയാണ് കോട്ടയത്തേക്ക് എത്താന്‍ വൈകിയത്.
തിരുനക്കര മൈതാനത്ത് മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്തുരുത്തിക്ക് അടുത്തുവച്ച് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എം മാണി (86) ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്.
പാലാ നിയമസഭാ മണ്ഡലത്തെ 54 വര്‍ഷം പ്രതിനിധീകരിച്ച എം.എല്‍.എ എന്ന നിലയില്‍ രാഷ്ട്രീയ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട നേതാവാണ് കെ.എം മാണി. കോണ്‍ഗ്രസിലൂടെയാണ് കരിങ്ങോഴക്കല്‍ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. സംസ്ഥാനത്ത് ഏഴുതവണയായി 24 വര്‍ഷം മന്ത്രിയായതുള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് പാലായുടെ സ്വന്തം മാണിസാര്‍.
Your comment?