പാചകവാതക സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് റോഡിനു കുറുകെ മറിഞ്ഞു
അടൂര്‍ പാചകവാതക സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് റോഡിനു കുറുകെ മറിഞ്ഞു. മുന്‍പില്‍ പോയ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തൊട്ടു പിന്നിലുണ്ടായിരുന്ന ലോറി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഇടിച്ചുമറിയുകയായിരുന്നു.ഓട്ടോ ഡ്രൈവര്‍ കോഴഞ്ചേരി പുന്നയ്ക്കാട് ഓന്തേക്കാട് കൊച്ചുകാലായില്‍ കെ.ആര്‍.മനോജി(42)നെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി ക്ലീനര്‍ ബിജു (35)വിനും ചെറിയ പരുക്കുണ്ട്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ തേടി. കൈപ്പട്ടൂര്‍ – അടൂര്‍ റോഡില്‍ തട്ടയ്ക്കും ആനന്ദപ്പള്ളിക്കും മധ്യേ പോത്രാട് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തട്ട വഴിയുള്ള അടൂര്‍ – പത്തനംതിട്ട റൂട്ടില്‍ 3 മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.പാരിപ്പള്ളിയില്‍ നിന്നു പത്തനംതിട്ടയിലെ ഗ്യാസ് ഏജന്‍സിയിലേക്കു പാചക വാതക സിലിണ്ടറുമായി പോയ ലോറിയാണ് മറിഞ്ഞത്.
അപകടത്തില്‍ പെട്ട ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി ആദ്യം റോഡിന്റെ ഇടതുവശത്തെ മതിലില്‍ ഇടിച്ച ശേഷം പോത്രാട് പുത്തന്‍വീട്ടില്‍ വര്‍ഗീസിന്റെ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത് റോഡിനു കുറുകെയാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ലോറി തകര്‍ന്നു. പാചക വാതകം നിറച്ച 306 സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അവയ്ക്ക് നാശം ഉണ്ടാകാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.അഗ്‌നിരക്ഷാ സേനയുടെ പത്തനംതിട്ട, അടൂര്‍, കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകള്‍ എത്തി.
സ്റ്റേഷന്‍ ഓഫിസര്‍ (കോന്നി) സെബാസ്റ്റ്യന്‍ ലൂക്കോസ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ (അടൂര്‍) റെജി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാചകവാതക സിലിണ്ടറുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.അടൂര്‍, കൊടുമണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന്; ക്രെയിന്‍ ഉപയോഗിച്ച് ലോറി വലിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്
Your comment?