എന്തുകൊണ്ടാണ് സൂപ്പര്‍ മാര്‍ക്കറ്റിന് ‘ലുലു’ എന്ന പേരിട്ടത്.! രഹസ്യം വെളിപ്പെടുത്തി ശതകോടീശ്വരന്‍ എം.എ യൂസഫലി
ശതകോടീശ്വരന്‍മാരായ നാന്നൂറില്‍ ഒരാള്‍. മലയാളിയായ ഏറ്റവും വലിയ സമ്പന്നന്‍. ഇന്ത്യയിലും ഗള്‍ഫിലും ഉള്‍പ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപന്‍. മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി അഥവാ എം.എ. യൂസഫലി പക്ഷേ, വന്നവഴി മറക്കുന്നില്ല. രാഷ്ട്രത്തലവന്‍മാര്‍ക്കും ബിസിനസ് മേധാവികള്‍ക്കും പുറമെ, നാല്‍പ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാര്‍ക്കും ഇദ്ദേഹം ‘യൂസഫ് ഭായ്’ ആണ്. കാരണം ‘സര്‍’ എന്ന വിളി യൂസഫലി ഇഷ്ടപ്പെടുന്നില്ല.
യൂസഫലിയുടെ ബിസിനസിലേക്കുള്ള കടന്നുവരവാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികകല്ല്. അത്യാധുനിക സൂപ്പര്‍മാര്‍ക്കറ്റുകളെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ല്‍ ചെറിയ നിലയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരിട്ടതോ ലുലു. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍ മാര്‍ക്കറ്റിന് ലുലു എന്ന പേരിട്ടത്. അതിന്റെ കാരണം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച ജീവിത കഥയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലുലു എന്ന വാക്കിനര്‍ത്ഥം മുത്ത് എന്നാണ്. അറബ് ജനതയുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയുമെല്ലാം ഭാഗമാണ് മുത്തും പവിഴവും. ഒരുകാലത്ത് ഈ നാടു പേരുകേട്ടത് അതിനാണ്. ലുലു എന്ന രണ്ടക്ഷരം ഇന്ന് അറബ്‌നാട്ടില്‍ മാത്രമല്ല കേരളക്കരയിലും ലോകത്ത് മൂന്നു ഭൂഖണ്ഡങ്ങളിലും മുത്തുപോലെ തിളങ്ങുകയാണ്.ഗള്‍ഫ് യുദ്ധം മുറുകുന്ന സമയത്ത് ബാക്കിയെല്ലാവരും നാടുവിടുമ്പോള്‍ യൂസഫലി മാത്രമായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ മുന്നോട്ട് വന്നത്. ഇതിന്റെ രഹസ്യം അറിയുന്നതിന് അന്ന് യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ കൊട്ടാരത്തിലേക്കു യൂസഫലിയെ വിളിപ്പിച്ചിരുന്നു. രാജകൊട്ടാരത്തില്‍ നിന്നുള്ള ക്ഷണം കിട്ടിയപ്പോള്‍ ഒന്നു പരിഭ്രമിച്ചെങ്കിലും യൂസഫലി പോയി. ഗള്‍ഫ് യുദ്ധം മുറുകുന്ന സമയത്ത് ബാക്കിയെല്ലാവരും നാടുവിടുമ്പോള്‍ എന്തുകൊണ്ട് ഇവിടെസൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നു എന്നതിന്റെ കാരണമാണ് ഷെയ്ഖ് സായിദിന് അറിയേണ്ടിയിരുന്നത്.
‘ലോകത്തിലെ ഏറ്റവും ദാനശീലനായ അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരി ആയിരിക്കുന്നതിനാലും ദാനശീലരെ അല്ലാഹു ബുദ്ധിമുട്ടിക്കില്ലെന്നതിനാലും ഈ രാജ്യത്തിന് അപകടമൊന്നും വരില്ല’ എന്നു യൂസഫലി മറുപടി പറഞ്ഞു. ഷെയ്ഖ് സായിദിനെ അതു സന്തുഷ്ടനാക്കി. തന്നെ പിച്ചവയ്ക്കാന്‍ സഹായിച്ച ഈ നാടിനെ ഉപേക്ഷിച്ചു പോകേണ്ടെന്നു നേരത്തേ തന്നെ യൂസഫലിയും ഉറപ്പിച്ചിരുന്നു. 1973 ല്‍ അബുദാബിയിലെത്തിയ യൂസഫലിയിലേക്ക് 1982 ല്‍ എം.കെ. സ്റ്റോഴ്‌സിന്റെ സ്വതന്ത്ര ചുമതലയും വന്നെത്തിയിരുന്നു. സമ്പാദ്യം മുഴുവന്‍ മുടക്കിയാണ് ആദ്യ സംരംഭം തുടങ്ങുന്നത്. അതു പോയാല്‍ എല്ലാം തകരും. ഈ രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതോടൊപ്പം എല്ലാം പൊയ്ക്കൊള്ളട്ടെ. ദൈവനിശ്ചയമെന്നു കരുതുമെന്ന് യൂസഫലിയും നിശ്ചയിച്ചിരുന്നു.
Your comment?