5:32 pm - Thursday November 24, 5791

സെന്‍സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തനം ആപത്ത്

Editor

കൊല്ലം : സെന്‍സേഷണലിസവും പണംവാങ്ങി വാര്‍ത്ത നല്‍കലും പക്ഷപാതിത്വവും ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണമുഖങ്ങളാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. സെന്‍സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തനം ആപത്താണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹികമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയും സത്യവും വേര്‍തിരിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

മാധ്യമപ്രവര്‍ത്തനം പരിപാവനമായ തൊഴിലാണ്. മാധ്യമങ്ങള്‍ പലപ്പോഴും ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ വിസ്മരിക്കുകയാണ്. പാര്‍ലമെന്റില്‍ വിവിധവിഷയങ്ങളെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ നടന്നാല്‍ അതിനെപ്പറ്റിയൊന്നും പറയാതെ ഏതെങ്കിലും പ്രശ്‌നത്തില്‍ ബഹളവും ഇറങ്ങിപ്പോക്കുമുണ്ടെങ്കില്‍ അതുമാത്രം പ്രാധാന്യത്തോടെ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. എല്ലാത്തിനെയും വിപരീതാത്മകമായി കാണുന്നതിനുപകരം രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങള്‍ക്കുനേരേ മാധ്യമപ്രവര്‍ത്തകര്‍ കണ്ണുതുറക്കണം.

കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വികസനപരമായ അസന്തുലിതാവസ്ഥ, ലിംഗനീതി, സ്ത്രീസുരക്ഷ, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ കാര്യങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം.സ്വാതന്ത്ര്യസമരകാലത്ത് കോളനി ഭരണത്തിനെതിരേ ജനങ്ങളെ അണിനിരത്തുന്നതില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട സെന്‍സര്‍ഷിപ്പിനെതിരേ ചില പത്രങ്ങള്‍ നടത്തിയ പോരാട്ടം സ്മരണീയമാണ്. മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ കാവലാളായി പ്രവര്‍ത്തിക്കണം. ഭരണഘടനാപരമായി മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമൊക്കെയുണ്ടെങ്കിലും അതിനൊക്കെ പരിധിയുണ്ട്. മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ട സമയമായി. വികസനോന്മുഖമായിരിക്കണം അവരുടെ കാഴ്ചപ്പാടുകള്‍.
ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ. മാരായ എം.മുകേഷ്, എം.നൗഷാദ്, എന്‍.വിജയന്‍ പിള്ള, മേയര്‍ വി.രാജേന്ദ്രബാബു, കെ.യു.ഡബ്യു.ജെ. ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം

മോഹന്‍ലാല്‍ സമ്മതിച്ചാല്‍: മല്‍സരിപ്പിക്കും എം.ടി. രമേശ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ