തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ തയാറാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരും വോട്ടര്‍മാരും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ആഗ്രഹിക്കുകയാണ്. ഇതു സംബന്ധിച്ചു മോഹന്‍ലാലുമായി പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ താരമാണു നിലപാടു വ്യക്തമാക്കേണ്ടതെന്നും രമേശ് അഭിപ്രായപ്പെട്ടു.
ബിജെപി നേതൃത്വത്തിനു മുന്നില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിനെപ്പറ്റി നല്ല മതിപ്പുള്ളയാളാണ് ലാല്‍. സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. ബിജെപിയുടെ വിജയസാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുടെ സഹായമില്ലാതെ തന്നെ മെച്ചപ്പെട്ട വിജയം കേരളത്തില്‍ നേടാന്‍ കഴിയുമെന്നും രമേശ് പറഞ്ഞു.
Your comment?