അടൂര്‍: അടച്ചുറപ്പുള്ള കൂരയില്ലാതെ യുവാവും കുടുംബവും. കാട്ടുപന്നിയുടെയും കടന്നലിന്റെയും ആക്രമണം ഭയന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി ശ്വാസമടക്കിയാണ് ഓരോദിനവും ഇവര്‍ കഴിയുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ പൂതങ്കര കന്നിയിലയ്യത്ത് വിനോദ് (കണ്ണന്‍) എന്ന 35 കാരനും ഭാര്യ റെനി (28), മക്കളായ നന്ദന്‍, ദേവന്‍, സൂര്യ, കൃഷ്ണ എന്നിവരും കഴിയുന്നത് കുടുംബ വക മൂന്ന് സെന്റ് സ്ഥലത്ത് ഫ്‌ളക്‌സ് ഷീറ്റുകളും ബോര്‍ഡുകളും കൊണ്ട് പണിത താത്ക്കാലിക ഷെഡിലാണ്. ഒറ്റമുറിയിലാണ് കിടപ്പും പാചകവും എല്ലാം. പല തവണ കാട്ടുപന്നിയുടെ ആക്രമണമുണ്ടാവുകയും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും വിനോദ് പറഞ്ഞു.
അടുത്തിടെ കുട്ടികളെ കടന്നല്‍ കുത്തി പരിക്കേല്‍പ്പിച്ചു. കൂലിപ്പണിയും മെയ്ക്കാട് വേലയും ചെയ്താണ് വിനോദ് കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും ജോലി കിട്ടാറില്ല. പാക്കണ്ടം പാറമടയില്‍ ജോലി ചെയ്യുമ്പോള്‍ പാറ വീണ് വലതുകൈ ഒടിഞ്ഞു. ഈ കൈയ്ക്ക് ചലനശേഷി കുറവാണ്. ചുഴലിയുടെ അസുഖവുമുണ്ട്. സുമസ്സുകളുടെ സഹായം ഉണ്ടായാല്‍ അടച്ചുറപ്പുള്ള ഒരു ചെറിയ കൂര പണിയാമെന്ന് വിനോദും റെനിയും പ്രത്യാശിക്കുന്നു. ഗ്രാമപഞ്ചായത്ത് അധഇകൃതരുടെ കനിവും ഈ കുടുംബത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.
Your comment?