ചതിച്ചാശാനേ ചതിച്ചു..! പ്രേക്ഷകരെയും ഫാന്‍സുകാരെയും നിരാശയിലാഴ്ത്തി ശ്രീകുമാരമേനോന്റെ ഒടിയന്‍. ഹര്‍ത്താലിനെ അവഗണിച്ച് പുലര്‍ച്ചെ നാലുമണിക്ക് പടം കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സമ്മാനമായി ലഭിച്ചത് ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ലഭിച്ചത് ക്ലീഷെ രംഗങ്ങളും ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹന്‍ലാലിന്റെ കരിസ്മ. പ്രതീക്ഷിച്ച നിലവാരത്തിലെത്താതെ മഞ്ചു വാര്യറും
അമ്ബമ്ബോ! എന്തൊരു തള്ളായിരുന്നു, 37 രാജ്യങ്ങളിലെ റിലീസ്, മലയാള സിനിമയുടെ ആഗോള വിപണി, റിലീസിനുംമുമ്ബേ കിട്ടിയ നൂറുകോടി , ലോകോത്തര ക്യാമറ, ലാലേട്ടന് ഇനിയുള്ള എല്ലാ അവാര്‍ഡുകളും കിട്ടല്‍ …മലപ്പുറം കത്തി, അമ്ബും വില്ലും, ഒലക്കേടെ മൂട്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാരമേനോന്‍ സംവിധാനംചെയ്ത ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ സംവിധായകനെ ചതിയന്‍ എന്ന് വിളിക്കാനാണ് തോന്നിയത്. കാരണം അത്രക്ക് വലിയ ചതിയും നുണപ്രചരണവുമാണ് അദ്ദേഹം ഈ ശരാശരി മാര്‍ക്ക് മാത്രം കൊടുക്കാന്‍ കഴിയുന്ന ഈ ചിത്രത്തിനായി നടത്തിയത്. ഹര്‍ത്താലിനെപ്പോലും പരാജയപ്പെടുത്തി പുലര്‍ച്ചെ നാലുമണി മണിമുതല്‍ ‘നെഞ്ചിനകത്ത് ലാലേട്ടന്‍, മീശപിരിച്ച് ലാലേട്ടന്‍’ എന്ന മുദ്രാവാക്യം മുഴക്കി തീയേറ്റിലേക്ക് ഓടിക്കയറിയ പാവം മോഹന്‍ലാല്‍ ഫാന്‍സിന്റെ മുഖത്തേക്കുള്ള കാറിത്തുപ്പായിപ്പോയി ഈ നിലവാരമില്ലാത്ത ചിത്രം. നോക്കണം, നാട്ടുഭാഷയില്‍ പറഞ്ഞാല്‍, യെവനൊക്കെയാണ് എംടിയുടെ രണ്ടാമൂഴം ഉണ്ടാക്കാന്‍ പോവുന്നത്. എംടി കേസുകൊടുത്തത് എത്ര നന്നായി. രണ്ടാമുഴം പോയിട്ട് തുണ്ടുപടം പിടിക്കാനുള്ള പ്രതിഭ പോലും ഈ മേനോനില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
ഇതുവരെ കേട്ടിട്ടില്ലാത്തതും സിനിമാറ്റിക്കായി ഫിക്ഷനും റിയാലിറ്റിയുമായി ഇടകലര്‍ത്തി എടുക്കാവുന്ന നല്ല വണ്‍ലൈന്‍ ആയിരുന്നു ഒടിയന്‍ മാണിക്യന്റെത്. കുട്ടിസ്രാങ്ക്, സ്വപാനം തുടങ്ങിയ ഷാജി എന്‍ കരുണിന്റെ ചിത്രങ്ങള്‍ എഴുതിയ ഹരികൃഷണന്റെ തൂലികയില്‍ വിരിഞ്ഞ ഒടിയന്‍ പ്രതിഭയുള്ളവര്‍ക്ക് വലിയ സാധ്യതയുള്ള പ്രമേയമായിരുന്നു. പക്ഷേ തിരക്കഥാ രചനയില്‍ ഹരികൃഷ്ണനും പിഴച്ചു. ഒടിയന്‍ എന്ന പുതുമ ഒഴിവാക്കിയാല്‍, ബാക്കിയുള്ള കഥ അത്രയും പതിവ് ക്ലീഷേകളില്‍ സമ്ബന്നം. ഏത് കാണിപ്പയ്യൂരിനും പ്രവചിക്കാം ക്ലൈമാക്സില്‍ എന്തു സംഭവിക്കുമെന്ന്.
കുറ്റം മാത്രം പറയരുതല്ലോ. പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ ആദ്യത്തെ 20 മിനുട്ടിലെ ഉദ്വേഗം കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് ഡ്രൈ ആവുകയാണ്. ചത്ത സംഭാഷണങ്ങളും, ഇടക്കുള്ള ലാഗിങ്ങും, ഉറക്കം തൂങ്ങിപ്പോവുന്ന സീനുകളും, ആര്‍ക്കോവേണ്ടിയെന്നോണമുള്ള ‘സാ…സാ.’..പാട്ടുകളും ചേര്‍ന്ന് ചിത്രത്തെ നശിപ്പിച്ചിരിക്കുന്നു. ഷാജികുമാറിന്റെ ഛായാഗ്രാഹണം പോലും മുന്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. സൗണ്ട് ട്രാക്കും മോശം. പീറ്റര്‍ ഹെയിനിന്റെ സംഘട്ടനവും പുലിമുരുകന്‍ പോലെ എവിടെയും ത്രില്ലടിപ്പിക്കുന്നില്ല. ക്ലൈക്സിലെ തീവെപ്പൊക്കെ കണ്ടാല്‍ കരഞ്ഞുപോവും. ഒരു നാടോടി ലുക്കുള്ള ഈ പടത്തില്‍ പീറ്റര്‍ ഹെയിനെ കൊണ്ടുവന്നത് മനസ്സിലാവുന്നില്ല. ( മൈക്കിള്‍ ജാക്സന്‍ നാടന്‍പാട്ടുപാടിയാല്‍ എങ്ങനെയിരിക്കും) സംഘട്ടനം മാത്രമല്ല മൊത്തത്തില്‍ ഒരു ത്രില്ലുമില്ല. മോഹന്‍ലാല്‍ ഫാന്‍സുപോലും ചില ചത്ത സംഭാഷണങ്ങളില്‍ പൂച്ച കരഞ്ഞ് സമയംപോക്കുകയാണ്.
ഇങ്ങനെയാക്കെയാണെങ്കിലും ഈ സിനിമയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ നിന്ന് നമ്മെ തടയുന്നത് മോഹന്‍ലാലിന്റെ അപാരമായ കരിസ്മയാണ്. മീശവടിച്ച് സുറുമയെഴുതി തൂക്കം കുറച്ച് ചുള്ളനായ ഒടിയന്റെ യൗവനവും, ജരാനരകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തിന്റെ കനലെരിയുന്ന കാഷായ വേഷവും ഭംഗിയാക്കുന്നുണ്ട് ലാലേട്ടന്‍. മൈനസ് മോഹന്‍ലാല്‍ ഒരു ബിഗ് സീറോയാണ് ഈ ചിത്രം. ലാല്‍ അല്ലാതെ ഒരു നടനും ഇതുപോലെ ചെയ്യാനാവില്ല. പക്ഷേ എന്തുചെയ്യാം സിനിമ ഇങ്ങനെയായിപ്പോയി. വെണ്ണക്കല്‍ പതിച്ച വിസര്‍ജ്ജനാലയം എന്നപോലെ.
Your comment?