ഗണിത ശാസ്ത്രജ്ഞന്‍ കടമ്പനാടിന്റെ വികസനത്തിനായി സ്വന്തം ഭൂമി ദാനം ചെയ്യുന്നു
കടമ്പനാട്: നവ കേരള സൃഷ്ടിക്കായി മാരത്തണ്‍ നടത്തിയ പ്രവാസിയായ ഗണിത ശാസ്ത്രജ്ഞന്‍ കടമ്പനാടിന്റെ വികസനത്തിനായി സ്വന്തം ഭൂമി ദാനം ചെയ്യുന്നു. കടമ്പനാട് സ്വദേശിയും കാനഡയില്‍ സ്ഥിര താമസക്കാരനുമായ ഡോ.ജോര്‍ജ് തോമസാണ് അങ്കണവാടി, വായനശാല, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി പള്ളിക്കല്‍ പഞ്ചായത്തിലെ മുന്നാറ്റുകരയില്‍ 20സെന്റ് സൗജന്യമായി നല്‍കുന്നത്. മാരത്തണ്‍ നടത്തിയതിനു കടമ്പനാട് പൗരാവലി നല്‍കിയ സ്വീകരണത്തിലാണ് പഞ്ചായത്തിനു സൗജന്യമായി ഭൂമി വിട്ടുനല്‍കുമെന്നു പ്രഖ്യാപനം നടത്തിയത്.
ഈ ഭൂമിയില്‍ 20 വര്‍ഷം തന്റെ സ്ഥലം സൂക്ഷിപ്പുകാരനായിരുന്ന പള്ളിക്കല്‍ സ്വദേശി രാഘവന്റെ സ്മരണാര്‍ഥം ലൈബ്രറി കെട്ടിടം നിര്‍മിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവയ്ക്കുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും ദുരന്ത മുഖങ്ങളിലെ കണ്ണീരൊപ്പാനും ഡോ.ജോര്‍ജ് തോമസ് പല തവണ മാരത്തണ്‍ നടത്തി. 71 വയസ്സ് പിന്നിടുമ്പോഴാണ് പ്രളയാനന്തര പുനരുദ്ധാരണത്തില്‍ പ്രവാസി മലയാളികള്‍ പങ്കുകൊള്ളണമെന്ന് ആഹ്വാനം ചെയ്ത് കഴിഞ്ഞ നവംബര്‍ 7ന് ക്ലിഫ് ഹൗസ് മുതല്‍ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെ 28 ദിവസംകൊണ്ട് 614 കിലോ മീറ്റര്‍ ദൂരം മാരത്തണ്‍ നടത്തിയത്.
Your comment?