ഏനാത്ത്: മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ക്ഷേത്രത്തില്‍ മാലുസാ എഴുന്നള്ളത്തിനു സ്വീകരണം. കളമല തൈയ്ക്കാ പള്ളിയിലെ ചന്ദനക്കുടം ഉത്സവത്തിന്റെ ഭാഗമായി നടന്ന മാലുസാ എഴുന്നള്ളത്തിന് മണ്ണടി ദേവീ ക്ഷേത്രത്തിലാണ് സ്വീകരണം നല്‍കിയത്. മണ്ണടി വടക്കേക്കാവ് അറപ്പുര ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് മാനവ മത മൈത്രിയുടെ സന്ദേശം വിളിച്ചോതി ചന്ദനക്കുടം എഴുന്നള്ളത്തിനു സ്വീകരണം നല്‍കിയത്.
വാദ്യമേളങ്ങളുടെയും കുതിരക്കുളമ്പടികളുടെയും അകമ്പടിയില്‍ മണ്ണടി താഴത്ത് കുടുംബ വീട്ടില്‍ നിന്നാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. വടക്കേക്കാവ് അറപ്പുര ദേവീക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമിതി പ്രസിഡന്റ് ബലഭദ്രന്‍പിള്ള, സെക്രട്ടറി അവിനാഷ് പളളീനഴികത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി ദുര്‍ഗാപ്രസാദ് നിലവിളക്ക് കൊളുത്തി സ്വീകരിച്ചു. തുടര്‍ന്ന് പഴയകാവ് ദേവീ ക്ഷേത്രത്തില്‍ എത്തിയശേഷമാണ് മാലുസാ എഴുന്നള്ളത്ത് കളമല തൈയ്ക്കാ പള്ളിയിലേക്കു പുറപ്പെട്ടത്.
മാലുസാ എഴുന്നള്ളത്ത് ദര്‍ശിക്കുന്നതിനായി നാനാമത വിശ്വാസികള്‍ കടമ്പനാട്- ഏനാത്ത് മിനിഹൈവേയുടെ അരികിലും തൈയ്ക്കാ പള്ളിയിലും തടിച്ചു കൂടിയിരുന്നു. ചന്ദനക്കുടത്തിനു കൊടിയിറങ്ങുംവരെ എല്ലാ മതത്തില്‍പ്പെട്ടവരും തൈയ്ക്കാ പള്ളിയിലെ ഉത്സവ ചടങ്ങുകളില്‍ പങ്കെടുക്കും. മറ്റു മുസ്ലീ ദേവാലയങ്ങളില്‍ നിന്നു വേറിട്ട ഉത്സവ ആഘോഷമാണ് തൈയ്ക്കാ പള്ളിയില്‍. ക്ഷേത്രത്തിന്റെയും തൈയ്ക്കാ പള്ളിയുടെയും ആചാരാനുഷ്ഠാനങ്ങള്‍ക്കു പിന്നിലും മത മൈത്രിയുടെ അടയാളങ്ങള്‍ കാണാനാകും. 13ന് ഉത്സവത്തിനു കൊടിയിറങ്ങും അന്നു വൈകിട്ട് 7ന് റാത്തീബും അന്നദാനവും നടക്കും.
Your comment?